മുംബൈ: മഹാരാഷ്ട്രയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പോളിങ് സമയം അവസാനിച്ച ശേഷം 75 ലക്ഷത്തോളം പേർ വോട്ട് ചെയ്തു എന്നതു വിശ്വാസയോഗ്യമല്ലെന്നും സുതാര്യത ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമുള്ള മുംബൈ വിക്രോളി സ്വദേശി ചേതൻ ആഹിരെയുടെ ഹർജിയാണു പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഈ ഹർജി പരിഗണിക്കും. 95 മണ്ഡലങ്ങളിൽ പോൾ ചെയ്തവയും എണ്ണിയവയുമായ വോട്ടുകളിൽ വ്യത്യാസമുണ്ട്. പോളിങ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടിന്‍റെ കണക്ക് വോട്ടിങ് മെഷീനിൽ എണ്ണിയ വോട്ടുകളുമായി പൊരുത്തപ്പെടുന്നില്ല. 19 മണ്ഡലങ്ങളിൽ പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ടുകളും 76 മണ്ഡലങ്ങളിൽ കുറവ് വോട്ടുകളും വോട്ടെണ്ണലിൽ കണ്ടെത്തി.
പോളിങ് സമയം അവസാനിച്ച ശേഷം വോട്ട് രേഖപ്പെടുത്തിയവർക്കു മുൻകൂർ വിതരണം ചെയ്ത സ്ലിപ്പുകളുടെ എണ്ണം കമ്മിഷൻ വെളിപ്പെടുത്തിയില്ല. പല റിട്ടേണിങ് ഓഫിസർമാരും തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ ലംഘിച്ചു. പൊരുത്തക്കേടുകൾ കമ്മിഷനെ അറിയിക്കുന്നതിലും സംശയം നീങ്ങുംവരെ ഫലം പ്രഖ്യാപനം തടയുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും ചേതന്‍റെ ഹർജിയിൽ പറയുന്നു. ഇത് കൂടാതെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചും എതിർ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടും മഹാ വികാസ് അഘാഡി മുന്നണി സ്ഥാനാർഥികൾ നൽകിയ ഒരു ഡസനിലേറെ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍റേതാണ് ഒരു ഹർജി. നാന്ദേഡ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടത്തെ 6 നിയമസഭാ മണ്ഡലങ്ങളിലും പരാജയപ്പെടുകയും ചെയ്‌തതിലും പാർട്ടി സംശയം പ്രകടിപ്പിച്ചു. വോട്ടിങ് മെഷീൻ ദുരുപയോഗം, പണം നൽകി വോട്ട് ചെയ്യിക്കൽ, മത ധ്രുവീകരണ ശ്രമം എന്നീ ആരോപണങ്ങളും അഘാഡി ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് എൻസിപി (ശരദ് പവാർ)-ശിവസേനാ (ഉദ്ധവ്) എന്നിവ ഉൾപ്പെടുന്നതാണ് അഘാഡി.