ഗോഖലെ പാലം
മുംബൈ: പുതുക്കി പണിത ഗോഖലെ പാലം ബിഎംസി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. അന്ധേരിയുടെ കിഴക്ക്-പടിഞ്ഞാറ് മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണിത്. പാലം പൊളിച്ച് രണ്ടരവര്‍ഷത്തിന് ശേഷമാണ് പുതിയത് തുറന്ന് നല്‍കിയത്.
2018 ജൂലായ് മൂന്നിന് ഗോഖലെ പാലത്തിന്‍റെ കാല്‍നടയാത്രക്കാര്‍ക്കുള്ള ഭാഗം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2022 നവംബര്‍ ഏഴിന് പാലം അടച്ചു.
റെയില്‍വേ പാളത്തിന് മുകളിലൂടെയാണ് ഗോഖലെ പാലം പോകുന്നത്. ആറ് മീറ്റര്‍ ഉയരത്തിലാണ് പാലം പുനര്‍നിര്‍മിച്ചിരിക്കുന്നത്. 511 മീറ്റര്‍ നീളമുള്ള പാലത്തിന് 27 മീറ്റര്‍ വീതിയാണുള്ളത്. 2024-ഫെബ്രുവരില്‍ പാലം ഭാഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കിയിരുന്നു. 90 കോടി രൂപ ചെലവിലാണ് പാലം പുതുക്കി പണിതത്.