ബോംബെ ഹൈക്കോടതി
file image
മുംബൈ : സ്വവര്‍ഗ ദമ്പതികളായ യുവാക്കളെ ഭാര്യാ ഭര്‍ത്താക്കന്മാരായി കണ്ട് നികുതി ആനുകൂല്യം നല്‍കണമെന്ന ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 56(2)(എക്‌സ്) ന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സ്വവര്‍ഗ ദമ്പതികള്‍ ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ വിവേദ് ശിവന്‍, പായിയോ അഷിഹോ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.
നിലവിലുള്ള വ്യവസ്ഥ സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യമല്ലാത്ത സാമ്പത്തിക പരിഗണനയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനും ആദായനികുതി വകുപ്പിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയെ അറിയിച്ചു. ഭാര്യ ഭര്‍ത്താവ് എന്നിവയുടെ അര്‍ത്ഥത്തെ വെല്ലുവിളിക്കാന്‍ ആദായനികുതി നിയമം ദുരുപയോഗിക്കാന്‍ ഹര്‍ജിക്കാര്‍ ശ്രമിക്കുകയാണ്.
രാജ്യത്തെ ഏതെങ്കിലും വിവാഹ നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍, ആദായനികുതി നിയമപ്രകാരം ഒരു ബന്ധത്തെയും വിവാഹം ആയി അംഗീകരിക്കാന്‍ കഴിയില്ലെന്നും അനില്‍ സിംഗ് പറഞ്ഞു.അതേസമയം സ്വവര്‍ഗ ബന്ധത്തിലുള്ള നോമിനികളെ ഭിന്നലിംഗ വിവാഹത്തിലുള്ളവരേക്കാള്‍ വ്യത്യസ്തമായി പരിഗണിക്കുകയാണ്. ഇടക്കാല സംരക്ഷണം നിരസിക്കുന്നത് പരോക്ഷമായി വിവേചനത്തെ അംഗീകരിക്കുന്നതിന് തുല്യമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. കേസ് കേള്‍ക്കുന്നതിന് മുമ്പ് വിവേചനം സംബന്ധിച്ച് ഒരു ചോദ്യവും ഉയര്‍ന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് വാദം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.