ലോക്കല്‍ ട്രെയിനുകള്‍ എസിയാകും
മുംബൈ: ലോക്കല്‍ ട്രെയിനുകളിലെ തിരക്ക് മൂലം അപകടം പതിവാകുന്നതിനിടെ ട്രെയിനുകളെല്ലാം എസിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. യാത്രാ നിരക്കില്‍ വര്‍ദ്ധനവ് വരുത്താതെ എസിയിലേക്ക് മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ഓട്ടോമാറ്റിക് ഡോറുകള്‍ ഇപ്പോള്‍ നോണ്‍ എസി ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കാനാകില്ലെന്നും പകരം കൂടുതല്‍ സൗകര്യമുള്ള എസി ട്രെയിനുകള്‍ എത്തിച്ച് പ്രശ്‌നപരിഹാരം കാണാനുമാണ് ശ്രമം. ട്രെയിനില്‍ നിന്ന് ആളുകള്‍ വീണ് മരിക്കുന്നതിനെതിരേ വലിയ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
ബോംബെ ഹൈക്കോടതിയും വിഷയത്തില്‍ കേസെടുത്തിരുന്നു. മുംബ്രയില്‍ ജൂണ്‍ 9ന് ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് 5 പേര്‍ മരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.
അതിനിടെയാണ് ലോക്കല്‍ ട്രെയിനുകളെല്ലാം എസിയാക്കാനുള്ള ശ്രമം ആരംഭിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരിക്കുന്നത്.