Basket of onions Freepik
Mumbai

ഉള്ളി വിറ്റും വോട്ട് വാങ്ങാം: കയറ്റുമതി നിരോധനം പിൻവലിച്ചു, ലക്ഷ്യം മഹാരാഷ്ട്രയിലെ പോളിങ്

മഹാരാഷ്‌ട്രയിൽ മേയ് 7, 13, 20 തീയതികളിലായാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉള്ളി കൃഷി സമൃദ്ധമായ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

VK SANJU

ന്യൂഡൽഹി: ഉള്ളിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിച്ചു. ഒരു ലക്ഷം ടൺ ഉള്ളി ആറു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് അനുമതി. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, ബഹ്റൈൻ, മൗറീഷ്യസ്, യുഎഇ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഇതോടെ സാധ്യമാകും. ഇതിനു പുറമേ, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമായി രണ്ടായിരം ടൺ വെളുത്തുള്ളി ക‍യറ്റുമതി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.

മഹാരാഷ്‌ട്രയിലെ ഉള്ളി കർഷകരെ ലക്ഷ്യമിട്ടുള്ള നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അഞ്ച് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിൽ മേയ് 7, 13, 20 തീയതികളിലായാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉള്ളി കൃഷി സമൃദ്ധമായ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്ത് വിളവ് കുറയുകയും അന്താരാഷ്‌ട്ര വിപണികളിൽ ഡിമാൻഡ് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. ആഭ്യന്തര ലഭ്യത ഉറപ്പു വരുത്തുകയും രാജ്യത്ത് ഉള്ളി വില നിയന്ത്രിച്ചു നിർത്തുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, കർഷകർക്ക് ഉയർന്ന വില ലഭിക്കാനുള്ള സാധ്യതയും ഇതുകാരണം ഇല്ലാതായി.

നിരോധനം പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനം പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

''ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ ആക്രമിക്കാനുള്ള ഒരു ഉപാധി ഇതോടെ ഇല്ലാതായിരിക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾ ഒരിക്കലും പ്രതിപക്ഷത്തിന്‍റെ മുഖ്യ വിഷയമായിരുന്നില്ല'', ഫഡ്നാവിസ് കുറിച്ചു.

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 200 ഓളം വിമാന സർവീസുകൾ വൈകി, 6 വിമാനങ്ങൾ റദ്ദാക്കി

മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

ടാറ്റാനഗർ - എറണാകുളം എക്‌സ്പ്രസ് ട്രെ‍യിനിലെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു; ഒരു മരണം

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം