Mumbai

മരുഭൂമിയിലെ കനലോർമകൾ പങ്കുവെച്ച് ആടുജീവിതത്തിലെ നജീബ്

ഇന്നും ദുരിതപ്പെയ്ത്തുകൾ സമ്മാനിച്ച ആടുകളോടൊപ്പം കഴിഞ്ഞു ആടായി മാറിയ പ്രവാസജീവിതം തന്നെ വേട്ടയാടുന്നുണ്ടെന്ന് നജീബ് പറഞ്ഞു.

നീതു ചന്ദ്രൻ

നവി മുംബൈ: നാല് വർഷം മുമ്പാണ്... സീവുഡ്‌സ് മലയാളി സമാജത്തിലെ 'ഗോപ്യേ' എന്ന് വിളിക്കുന്ന ലൈബ്രേറിയൻ ബെന്യാമിൻ എഴുതിയ 'ആടുജീവിതം' എന്ന നോവലിനെ പരിചയപ്പെടുത്തിയത് കഥയിലെ നായകനായ നജീബ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി സമാജത്തിൽ എത്തുന്നതായി ഒരു ഭാവനയിൽ പൊതിഞ്ഞ കുറിപ്പോടു കൂടെയാണ്. തുടർന്ന് നിരവധി വായനക്കാർ നോവൽ വാങ്ങുകയും അത് പലരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ആ കുറിപ്പ് വായിച്ചു നിരവധി വായനക്കാർ നജീബിനെയും ബെന്യാമിൻ എന്ന എഴുത്തുകാരനെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഒടുവിൽ നജീബെത്തി, സീവുഡ്‌സിലെ വായനക്കാരുമായി ഓൺലൈൻ വഴി സംസാരിച്ചു.

മണലാരണ്യത്തിലേക്കുള്ള യാത്ര തുടങ്ങി ഒടുവിൽ അത് സമ്മാനിച്ച കനലും കണ്ണീരും ബാക്കിവെച്ച് നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാടണഞ്ഞ കഥ വരെ നജീബ് വായക്കാരുമായി പങ്കുവെച്ചു.

മലയാളികളുടെ മനസ്സുകളെ കനലു കണക്കെ പൊള്ളിച്ച ബെന്യാമിന്‍റെ ആടുജീവിതം ആധാരമാക്കിയത് ആലപ്പുഴ ആറാട്ടുപുഴ പത്തിശേരിൽ ജങ്ഷന് തെക്ക് ഭാഗത്ത് തറയിൽ വീട്ടിൽ ഷുക്കൂർ എന്ന് വിളിപ്പേരുള്ള നജീബിനെയാണ്‌.

ബെന്യാമിൻ തന്‍റെ കഥയിലെ നായകൻ ഷുക്കൂർ അല്ലെന്നും നജീബാണെന്നും അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന പ്രസ്‌താവന ആമുഖമായി ഓർമ്മിപ്പിച്ചാണ് സീവുഡ്‌സ് മലയാളി സമാജത്തിന്‍റെ സംവാദം തുടങ്ങിയത്. ഇന്നും ദുരിതപ്പെയ്ത്തുകൾ സമ്മാനിച്ച ആടുകളോടൊപ്പം കഴിഞ്ഞു ആടായി മാറിയ പ്രവാസജീവിതം തന്നെ വേട്ടയാടുന്നുണ്ടെന്ന് നജീബ് പറഞ്ഞു.

"നരകതുല്യമായ മരുഭൂമിയിലെ ജീവിതം ഇനിയും മനസ്സിൽ നിന്നും മാറിയിട്ടില്ല. ആ ചൂട് ഇന്നും നെഞ്ചത്തുണ്ട്. ആ ഓർമകൾ ഇന്ന് എന്നെ വേട്ടയാടുന്നുണ്ട്. ഉറക്കത്തിൽ നിന്നും ഇപ്പോഴും ഞാൻ ഞെട്ടിയുണരുന്നു," നജീബ് പറഞ്ഞു.

മുംബൈയിൽ നിന്നും വിമാനം കയറിയ നജീബ് പറയുന്നു എല്ലാ പ്രവാസ ജീവിതവും ആയാസമേറിയതാണ്,മുംബൈക്കാരുടെ ഉൾപ്പെടെ. രണ്ടു വർഷത്തിലധികം ചോര നീരാക്കി മരണത്തിനോട് മല്ലടിച്ചു പണിയെടുത്തിട്ടും സമ്പാദ്യമില്ലാതെ, ആരോഗ്യമില്ലാതെ, വെള്ളമോ മതിയായ ഭക്ഷണമോ ഇല്ലാതെ, വീട്ടുകാരുമായി ബന്ധമില്ലാതെ ജീവിക്കുന്ന അവസ്ഥ ഓർക്കുമ്പോൾ ഒരു പിടയലാണ് എന്ന് അദ്ദേഹം പറഞ്ഞു.

എട്ടു മാസം ഗർഭിണിയായ ഭാര്യയെ നാട്ടിൽ വിട്ടു സൗദി അറേബ്യയിലെ ഏതോ മണൽക്കാട്ടിൽ നരകിച്ചു തീർത്ത ജീവിതത്തെ കൂടുതൽ പകർത്തിയത് നോവലിലാണെന്നും ബ്ലെസി സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ സിനിമയിൽ മുഴുവൻ യാതനകൾ ചിത്രീകരിക്കാൻ സമയത്തിന്‍റെ പരിമിതി കൊണ്ട് സാധിച്ചിട്ടില്ലെന്നും നജീബ് പറഞ്ഞു. സിനിമ വന്നതിനു ശേഷം അഞ്ചു വയസു പ്രായമുള്ള കുട്ടികൾ വരെ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നും അതിലുപരി ആടുജീവിതം എന്ന നോവൽ വായനാപ്രക്രിയയെ പുഷ്ടിപ്പെടുത്തി എന്നതിൽ സന്തുഷ്ടനാണെന്നും നജീബ് പറഞ്ഞു. ധാരാളം വായനകൾ ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജും സംഗീത സംവിധായകൻ എ ആർ റഹ്‌മാനും പതിനഞ്ചു ലക്ഷം വീതം തന്നതും ഉദ്ഘാടന പരിപാടികളിലൂടെ ഒരു അഞ്ചു ലക്ഷം കൂടെ സമ്പാദിക്കാനായതും തന്‍റെ ജീവിതത്തെ മാറ്റി മറിച്ചുവെന്നും നജീബ് പറഞ്ഞു. ഈ നോവൽ ഉണ്ടാവാൻ കാരണഭൂതനായ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ സുനിൽകുമാറിനെയും നജീബ് ഓർത്തു.

നിസ്സാര കാര്യങ്ങൾക്കു ജീവിതംഅവസാനിപ്പിക്കുന്ന യുവതലമുറ തന്‍റെ ദുരിത കഥ ഓർക്കുന്നത് നന്നാവും എന്ന് അദ്ദേഹം പറഞ്ഞു. നിരവധി തവണ ആത്മഹത്യക്കു ശ്രമിച്ച താൻ മരണം കാംക്ഷിച്ചു സർപ്പങ്ങളുടെ അടുക്കൽ ചെന്നത് അദ്ദേഹം ഓർത്തു. "എത്ര വലിയ പ്രതിസന്ധിയിൽ പെട്ടാലും പ്രതീക്ഷ കൈവെടിയരുത്. പതറാതെ പൊരുതാൻ സൂക്ഷിക്കണം. അത്തരത്തിൽ പൊരുതുന്നവർക്ക് സർവ്വശക്തന്‍റെ അദൃശ്യമായ കൈകൾ നമ്മെ രക്ഷിക്കും," നജീബ് പറഞ്ഞു. പ്രവാസജീവിതത്തിന്‍റെ കിനാവും കണ്ണീരും അറിയുന്ന മുംബൈയിലേക്ക്‌ വരാൻ ഏറെ ആഗ്രഹമുണ്ട് എന്ന് നജീബ് പറഞ്ഞു നിർത്തി.

നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് ആടുജീവിതത്തിന്‍റെ ആപ്തവാക്യം പറഞ്ഞു സീവുഡ്‌സ് മലയാളി സമാജം ലൈബ്രേറിയൻ സംവാദത്തിന്‍റെ മറുകുറി പറഞ്ഞു.

ഗോപിനാഥൻ നമ്പ്യാർ, ബാബു പി എം, ശശിധരൻ നായർ, വത്സല ഗോപിനാഥ്, ജോയിക്കുട്ടി തോമസ്, കെ കുഞ്ഞനന്തൻ, വി ആർ രഘുനന്ദനൻ, ഗോപിനാഥൻ കെ, രാജ എ, എന്നിവർ നജീബുമായുള്ള സംവാദത്തിൽ സംസാരിച്ചു.

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി