അനൂപ് കുമാര്‍
മുംബൈ: ഉറ്റവരെ നഷ്ടപ്പെട്ടതോടെ വിഷാദരോഗത്തിനടിമയായി ഒറ്റപ്പെട്ടു പോയ മലയാളിക്ക് സഹായ ഹസ്തവുമായി സീല്‍ ആശ്രമം. ഓണ്‍ലൈനില്‍ ഓർഡർ ചെയ്യുന്ന ഭക്ഷണം സ്വീകരിക്കാൻ മാത്രം വാതില്‍ തുറന്നിരുന്ന അനൂപ് കുമാര്‍ നായരുടെ വസതിയും ചുറ്റുപാടും കണ്ടാല്‍ ആരും ഞെട്ടിപ്പോകുന്ന അവസ്ഥയിലായിരുന്നു.
അച്ഛനും അമ്മയും അടുത്തടുത്ത വര്‍ഷങ്ങളില്‍ മരിച്ചതോടെ വിഷാദരോഗത്തിലേക്കു വഴുതി വീഴുകയായിരുന്നു അനൂപ്. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. സഹോദരന്‍ 20 വര്‍ഷം മുന്‍പ് ജീവനൊടുക്കിയതോടെയാണ് ആദ്യം വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. അച്ഛനും അമ്മയും കൂടി യാത്രയായതോടെ ഒറ്റപ്പെടല്‍ മൂര്‍ധന്യാവസ്ഥയിലെത്തി.
ഐടി എന്‍ജിനീയറായ യുവാവിനെ ഇതിനിടെ ഒരു എല്‍ഐസി ഏജന്‍റ് വിശ്വാസം പിടിച്ചുപറ്റി കബളിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. തന്നെയല്ലാതെ ആരെയും വിശ്വസിക്കരുതെന്ന ഉപദേശം നല്‍കി അനൂപിന്‍റെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം മാറ്റുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തു.
ബന്ധുക്കളോ അയല്‍ വാസികളോ വാതില്‍ മുട്ടിയാല്‍ അനൂപ് തുറക്കാന്‍ തയാറായിരുന്നില്ല. ഓണ്‍ലൈനായി ഭക്ഷണം വാങ്ങുകയും അതിന് കൃത്യമായി പണം നല്‍കുകയും ചെയ്യുന്ന ഇദ്ദേഹം മറ്റൊന്നും ശരിയായ വിധത്തില്‍ ചെയ്തിരുന്നില്ല.
അഴുക്കും മാലിന്യവും കുന്നുകൂടിയ വീട്ടില്‍ ഒറ്റയ്ക്കുള്ള ജീവിതം കണ്ട് പാര്‍പ്പിട സമുച്ചയ ഭാരവാഹികള്‍ ബന്ധുക്കളെയും മലയാളി സമാജം ഭാരവാഹികളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സീല്‍ ആശ്രമത്തില്‍ നിന്ന് വോളന്‍റിയർമാർ വന്ന് കൊണ്ടുപോകുകയും നവിമുംബൈ എംജിഎം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തട്ടിപ്പ് നടത്തിയ എല്‍ഐസി ഏജന്‍റിനെതിരേ കേസ് ഫയൽ ചെചയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.