മുംബൈ: സനാതന ധർമ്മ സംരക്ഷണവും പ്രചാരണവും ലക്ഷ്യമാക്കി വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന മൂന്നാമത് ഹിന്ദു മഹാ സമ്മേളനത്തിന് വസായ് റോഡ് വെസ്റ്റിലുള്ള ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാമണ്ഡപത്തിൽ നാളെ ജനുവരി 6 ശനിയാഴ്ച്ച തിരിതെളിയുന്നു. രാവിലെ 5.30 ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ മൂന്നു ദിവസത്തെ സമ്മേളന പരിപാടികൾ ആരംഭിക്കും.
രാവിലെ 8 ന് നടക്കുന്ന ഉത്ഘാടന സമ്മേളനം വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉത്ഘാടനം ചെയ്യും. ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷൻ കെ.എസ് രാജൻ, മലയാലപ്പുഴ ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി, വസായ് ഹനുമാൻ ലക്ഷ്മി ദാം ആശ്രമ മഠാധിപതി സദാനന്ദ് ബെൻ മഹാരാജ് എന്നിവർ ഉത്ഘാടന സമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് നടക്കുന്ന വനിതാ സമ്മേളനം അയിരൂർ ജ്‌ഞാനാനന്ദ ആശ്രമ മഠാധിപതി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉത്ഘാടനം ചെയ്യും . ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തെ ആധാരമാക്കി വർക്കല ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ അദ്ധ്യാത്മിക പ്രഭാഷണം നടത്തും. വൈകുന്നേരം 6 മണി മുതൽ സന്യാസിമാർക്കും ഹൈന്ദവ സംഘടനാ നേതാക്കൾക്കും സ്വീകരണവും യതി പൂജയും സന്യാസി സംഗമവും നടക്കും. സന്യാസി സംഗമത്തിൽ ശ്രീപംഞ്ച് ദശാനാം ജുനാ അഖാഡയിലെ സാധു ആനന്ദവനം , മഹാകാൽ ഭൈരവ് അഖാഡയിലെ സ്വാമി കൈലാസപുരി മഹാകാൽ ബാബ ഉൾപ്പെടെ ഭാരതത്തിലെ വിവിധ ദേശങ്ങളിൽ നിന്നുള്ള സന്യാസിമാർ പങ്കെടുക്കും. രാത്രി 9 ന് ശബരിഗിരി ശ്രീഅയ്യപ്പക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഏഴാം തീയതി രാവിലെ 8 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന യുവജന സമ്മേളനം ബി ജെ പി കേരള സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉത്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം നവചണ്ഡികാ ഹോമത്തിന്റെ പ്രാരംഭ ചടങ്ങുകൾ നടക്കും.
സമ്മേളനത്തിന്റെ മൂന്നാം ദിവസമായ എട്ടാം തീയതി രാവിലെ ഏഴ് മണി മുതൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യകാര്യദർശി ഡോ.കെ.രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ നവചണ്ഡികാ ഹോമം നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക് ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.
സനാതന ധർമ്മസഭ ഏർപ്പെടുത്തിയ ധർമ്മ രക്ഷാ പുരസ്കാരങ്ങൾ ഹിന്ദു മഹാസമ്മേളനത്തിൽ വച്ച് സമർപ്പിക്കും.
വേണുഗോപാൽ കെ.ജി ( ജനറൽ സെക്രട്ടറി, കെ.ഭാസ്കര റാവു സ്മാരക സമിതി ), കെ.രാമൻ പിള്ള ( ബി ജെ പി കേരള സംസ്ഥാന മുൻ അദ്ധ്യക്ഷൻ ), ചെങ്കൽ രാജശേഖരൻ നായർ ( മാനേജിംഗ് ഡയറക്ടർ ജനം ടി വി ), സ്വാമി കൃഷ്ണാനന്ദ സരസ്വതി ( മഠാധിപതി, ശ്രീരാമദാസ ആശ്രമം മുംബൈ), സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി ( മഠാധിപതി, ഗണേശ്പുരി ബ്രഹ്മപുരി നിത്യാനന്ദ ആശ്രമം) , ഡോ.കെ. രാമചന്ദ്ര അഡിഗ ( മുഖ്യകാര്യദർശി, കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം), മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ( മുഖ്യകാര്യദർശി , മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം), മഹാമണ്ഡലേശ്വർ നാരായണാനന്ദഗിരി മഹാരാജ് ( ചെയർമാൻ സനാതന ധർമ്മ ഫൗണ്ടേഷൻ, ന്യൂ ഡെൽഹി ) , ഞെരളത്ത് ഹരിഗോവിന്ദൻ (സോപാന സംഗീതജ്ഞൻ), പള്ളിക്കൽ സുനിൽ ( ഭാഗവത സപ്താഹ ആചാര്യൻ ), ഡോ.ടി.എസ്. വിനീത് ഭട്ട് ( തന്ത്രി ), സ്മിത ജയമോഹൻ (ചെയർപേഴ്സൺ, ശ്രീ ആഞ്‌ജനേയ സേവാ ട്രസ്റ്റ്, തലശ്ശേരി ) ,കെ.ജി.കെ കുറുപ്പ് ( മുൻ അധ്യക്ഷൻ, കേന്ദ്രീയ നായർ സാംസ്കാരിക സംഘ്, മഹാരാഷ്ട്ര ), പാർത്ഥൻ കെ. പിള്ള ( ജനറൽ സെക്രട്ടറി, നാസിക് എൻ എസ് എസ് ) രഞ്‌ജിത് ആർ നായർ ( കോ-ഓർഡിനേറ്റർ, ശ്രീഅയ്യപ്പ സേവാ സമിതി, തെലങ്കാന ) എന്നിവരും ശതാബ്ദി ആഘോഷിക്കുന്ന മുംബൈ അസ്തിക സമാജവുമാണ് ധർമ്മ രക്ഷാ പുരസ്കാരത്തിന് അർഹരായവർ.
സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വസായ് സനാതന ധർമ്മസഭ അധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9323528197 എന്ന നമ്പരിൽ ബന്ധപ്പെടാം.