വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം
മുംബൈ:വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാ പൊന്നോണം താര സാന്നിധ്യം കൊണ്ടും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായി. മാവേലി വരവേല്‍പ്പോടെ ഓണാഘോഷത്തിന് തുടക്കമായി.
ഡോംബിവ്ലി ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് അങ്കണത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ എംഎല്‍എ രാജേഷ് മോറെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായിരുന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്ക് ഔദ്യോഗിക തിരക്കുകളില്‍, നേരിട്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഓണ്‍ലൈനില്‍ തത്സമയമെത്തി ഉപമുഖ്യമന്ത്രി സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള സാമൂഹിക സാംസ്‌കാരിക ബന്ധം ഉയര്‍ത്തിപ്പിടിച്ചാണ് ഏക്നാഥ് ഷിന്‍ഡെ ആശംസകള്‍ നേര്‍ന്നത്.
ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ വിശിഷ്ടാതിഥിയായിരുന്നു. കര്‍മ ഭൂമിയോട് പ്രതിബദ്ധത പുലര്‍ത്തുമ്പോഴും ജന്മനാടിന്‍റെ സംസ്‌കാരം ചേര്‍ത്ത് പിടിക്കുന്ന മറുനാടന്‍ മലയാളികളെ ലോകമെമ്പാടും കാണാനാകുമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഇക്കാര്യത്തില്‍ മുന്നിലാണെന്നും റിമ ചൂണ്ടിക്കാട്ടി.
മുംബൈയിലെ വിവിധ മലയാളി സംഘടനകള്‍ നല്‍കിയ വേദികളാണ് തന്‍റെ കലാജീവിതത്തെ പരിപോഷിപ്പിച്ചതെന്ന് വിശിഷ്ടാതിഥിയായ സിനിമ സീരിയല്‍ താരം വീണ നായര്‍ ഓര്‍ത്തെടുത്തു. മത്സരത്തിലുണ്ടായിരുന്ന 15 പൂക്കളവും നേരിട്ട് കണ്ടും മത്സരാര്‍ഥികളുമായി സംവദിച്ചുമാണ് താരങ്ങള്‍ മടങ്ങിയത്.