നാളെ മുതല്‍ നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍
മുംബൈ: മുംബൈ മേഖലയിലെ രണ്ടാം വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച ചിറകുവിരിക്കും.ആദ്യദിനത്തില്‍ 30 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ ആദ്യദിനത്തില്‍ കൊച്ചിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആകാശ,എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്.
ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍നിന്നുള്ള 6 ഇ 460 വിമാനമാണ് രാവിലെ എട്ടോടെ വിമാനത്താവളത്തില്‍ വന്നിറങ്ങുക. തുടര്‍ന്ന് 8.40 ന് ഇന്‍ഡിഗോയുടെ തന്നെ 6ഇ 882 വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടും.
പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ബഹുമാതൃക ഹരിതവിമാനത്താവളമായി വികസിപ്പിച്ചിരിക്കുന്ന നവിമുംബൈ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സൗകര്യവും കുറഞ്ഞനിരക്കില്‍ ഭക്ഷണ പദാര്‍ഥങ്ങളും ലഭ്യമാകും.മുംബൈയുടെ പ്രിയഭക്ഷണം വടാപാവ് ഉള്‍പ്പെടെയുള്ളവ വിമാനത്താവളത്തില്‍ കുറഞ്ഞ വിലയില്‍ ലഭിക്കും.
ഫെബ്രുവരി വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ മാത്രമാണ് വിമാനത്താവളം പ്രവര്‍ത്തിക്കുക. 23ടേക്ക് ഓഫും 23ലാന്‍ഡിങ്ങുമായി 46 സര്‍വീസുകളാണ് വരും ദിവസങ്ങളില്‍ നടത്തുക . ഫെബ്രുവരി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ച്ച് മാസത്തോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എന്നീ വിമാനക്കമ്പനികളാണ് ഇവിടെനിന്ന് സര്‍വീസുകള്‍ നടത്തുന്നത്.
വിമാനത്താവളത്തിന്‍റെ ആദ്യ ടെര്‍മിനലാണ് പ്രവര്‍ത്തനസജജമായിരിക്കുന്നത്. മറ്റ് മൂന്ന് ടെര്‍മിനലുകള്‍ കൂടി 2035ന് മുന്‍പ് പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവിമുംബൈയില്‍ വിമാനത്താവളം തുറക്കുന്നത്