വാഷിങ്ടൺ ഡിസി: നാടുകടത്തലിന്‍റെ ഭാഗമായി യുഎസ് വിമാനം പാനമയിൽ എത്തിയച്ച 12 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. പാനമയില്‍നിന്ന് ഇസ്താംബുള്‍-ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.
ഇവരില്‍ 4 പേര്‍ പഞ്ചാബില്‍ നിന്നും 3 പേര്‍ വീതം ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. സാധാരണ വിമാനത്തിലാണ് ഇവർ മടങ്ങിയെത്തിയത്. മുൻപ് സൈനിക വിമാനങ്ങളിലാണ് നാടുകടത്തൽ നടപ്പാക്കിയിരുന്നത്.
പഞ്ചാബ് സ്വദേശികളെ പിന്നീട് അമൃത്സറിലേക്ക് മറ്റൊരു വിമാനത്തില്‍ അയച്ചു. ഇതോടെ, യുഎസിലേക്ക് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് 4 വിമാനങ്ങള്‍ രാജ്യത്ത് എത്തി. ഐക്യരാഷ്ട്ര സഭാ ഏജൻസിയുടെ സഹായത്തോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്.
ഡോണൾഡ് ട്രംപ് രണ്ടാം വട്ടം യുഎസിൽ അധികാരത്തില്‍ വന്നശേഷം ഇന്ത്യക്കാരുള്‍പ്പെടെ 299 അനധികൃത കുടിയേറ്റക്കാരെയാണ് പാനമയിലേക്ക് യുഎസ് നാടുകടത്തിയത്. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘത്തെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിച്ചത്.
അതേസമയം, അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ യുഎസിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ യുഎസ് നാവിക താവളമായ ഗ്വാണ്ടനാമോയിലേക്ക് അയക്കുന്നതിനോട് ഇന്ത്യ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. കൂടുതൽ സൈനിക വിമാനങ്ങൾ അനുവദിക്കാമെന്നും ഇന്ത്യക്കാരെ പരമാവധി നേരിട്ട് ഇന്ത്യയിലേക്ക് തന്നെ എത്തിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.