വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

 
India

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരാനും തീരുമാനം.

MV Desk

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം വികസിക്കാൻ അതിർത്തിയിൽ ശാന്തിയും സമാധാനവും അനിവാര്യമെന്നു ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തി പരിപാലനത്തിൽ നിലവിലുള്ള കരാറുകൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി. ബ്രിക്സ് ഉച്ചകോടിക്കിടെ ഭാരത് മണ്ഡപത്തിൽ ഇരുനേതാക്കളും പ്രത്യേകമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇന്ത്യൻ നിലപാടുകൾ വ്യക്തമാക്കിയത്.

ബന്ധങ്ങൾ രൂപപ്പെടുത്തുന്നത് തന്ത്രപ്രാധാന്യം ഉൾക്കൊണ്ടുള്ള ദീർഘകാല കാഴ്ചപ്പാടിലാകണമെന്ന് ഇരുനേതാക്കളും പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുതെന്ന താത്പ്യവും ഇരുവരും പ്രകടിപ്പിച്ചു. സമ്പദ്‌രംഗത്ത് പരസ്പരമുള്ള ആശങ്കകൾ പങ്കുവച്ച നേതാക്കൾ വിതരണ ശൃംഖലകളിലെ പ്രശ്നങ്ങളും ഘടനാപരമായ വ്യാപാര അസന്തുലനങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി. അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരാനും തീരുമാനം.

പരസ്പര വിശ്വാസം, പരസ്പര താത്പര്യം, പരസ്പര സംവേദനം എന്നിവയാകണം ഉഭയകക്ഷി ബന്ധത്തെ നയിക്കേണ്ടതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ട് ആറിനായിരുന്നു ഭാരത് മണ്ഡപത്തിൽ ഇരുവരുടെയും കൂടിക്കാഴ്ച. നേരത്തേ, ബ്രിക്സ് ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലെ വേദിയിൽ മോദി, ഷിയെ സ്വീകരിച്ചിരുന്നു.

ഏഴു വർഷത്തിനുശേഷമാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. ഗാൽവൻ താഴ്‌വര ഏറ്റുമുട്ടലിനുശേഷമുള്ള ആദ്യ സന്ദർശനമെന്ന നിലയിൽ വലിയ പ്രാധാന്യത്തോടെയാണ് ഷിയുടെ സന്ദർശനത്തെ ആഗോള നയതന്ത്രലോകം വീക്ഷിച്ചത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഉൾപ്പെടെ ഉന്നത നേതാക്കൾ നടത്തിയ പരസ്പര സന്ദർശനങ്ങളാണ് ബ്രിക്സ് ഉച്ചകോടിയിലേക്ക് ഷിയുടെ വരവിന് പാലമിട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ മോദിയും പങ്കെടുത്തിരുന്നു. 2020 ജൂണിലായിരുന്നു ഗാൽവൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളിലെയും സൈനികർ ഏറ്റുമുട്ടിയത്. ഇതോടെ നിലച്ച നയതന്ത്രബന്ധം 2024 ഒക്റ്റോബറിൽ റഷ്യൻ നഗരമായ കസാനിൽ മോദിയും ഷിയും നടത്തിയ കൂടിക്കാഴ്ചയടെയാണ് പുനരാരംഭിച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തിൽ ശത്രുപക്ഷങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളെ വരെ ബ്രിക്സ് വേദിയിൽ സമവായത്തിലെത്തിച്ച് സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. സംഘർഷങ്ങൾ പരിഹരിക്കേണ്ടത് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണെന്ന ഇന്ത്യൻ കാഴ്ചപ്പാട് അംഗീകരിച്ച പ്രഖ്യാപനത്തിൽ പഹൽഗാം ആക്രമണമടക്കം അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തെ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ പരാമർശിക്കുമ്പോഴും യുഎസിനെ പേരെടുത്തു വിമർശിക്കുന്നതടക്കം ഒഴിവാക്കിയാണു പ്രഖ്യാപനം. പരസ്പരം പോരടിക്കുന്ന ഇറാനെയും യുഎഇയെയും സമവായത്തിന്‍റെ മാർഗത്തിലെത്തിക്കാനായി എന്നതാണ് ഇന്ത്യയുടെ വിജയം. കഴിഞ്ഞ മേയിൽ ചേർന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഭിന്നതമൂലം സംയുക്ത പ്രഖ്യാപനം പുറത്തിറക്കാനായിരുന്നില്ല. ഡൽഹിയിലെ രാഷ്‌ട്രത്തലവന്മാരുടെ യോഗത്തിലും ഇത് ആവർത്തിച്ചാൽ അധ്യക്ഷ- ആതിഥേയ രാജ്യമെന്ന നിലയിൽ ക്ഷീണമായേനെ.

വ്യാപാരം, ഭീകരപ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഭരണഘടനാ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുനിലപാടുകൾ വ്യക്തമാക്കിക്കൊണ്ടാണു ബ്രിക്സ് കൂട്ടായ്മ "ന്യൂഡൽഹി പ്രഖ്യാപനം' അംഗീകരിച്ചത്. കസ്റ്റംസ് തീരുവകൾ, വ്യാപാര തർക്കങ്ങൾ, ഭൗമരാഷ്‌ട്രീയ ഭിന്നതകൾ എന്നിവ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള പണമിടപാടുകളും നിക്ഷേപങ്ങളും എളുപ്പമാക്കുന്നതിനൊപ്പം ഏകപക്ഷീയമായ വ്യാപാര നിയന്ത്രണങ്ങളെ എതിർക്കുന്നുവെന്നു പ്രഖ്യാപനം.

റഷ്യയ്ക്കെതിരായ ഉപരോധവും പ്രഖ്യാപനത്തിൽ

ഏകപക്ഷീയമായ ഉപരധങ്ങളും ബലപ്രയോഗവും അന്താരാഷ്‌ട്ര നിയമങ്ങൾക്കു വിരുദ്ധമെന്നു ബ്രിക്സ് സംയുക്ത പ്രഖ്യാപനം. റഷ്യയ്ക്കെതിരായ ഏകപക്ഷീയ ഉപരോധങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് പ്രഖ്യാപനത്തിൽ ഇക്കാര്യം പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷവും തീരുവയുദ്ധവുമടക്കം യുഎസ് നടപടികളെ പരോക്ഷമായി സൂചിപ്പിച്ച് വ്യാപാര മേഖലയിലെ നിയന്ത്രണ പ്രവൃത്തികൾ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു. ഗാസയിലെ ഇസ്രയേൽ നടപടികൾക്കെതിരേയും പ്രഖ്യാപനത്തിൽ പരാമർശമുണ്ട്.

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്