2024: ഇന്ത്യന്‍ നയതന്ത്രത്തിന് ശ്രദ്ധേയമായ വർഷം 
India

2024: ഇന്ത്യന്‍ നയതന്ത്രത്തിന് ശ്രദ്ധേയമായ വർഷം

പ്രത്യേക ലേഖകൻ

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്‍റെ നയതന്ത്ര നിലപാടിൽ മാറ്റം വരുത്തി. ഉദ്ദേശ്യ ശുദ്ധിയോടെ ഇടപെടുകയും അനുകമ്പയോടെ സഹായിക്കുകയും ലക്ഷ്ത്തോടെ നയിക്കുകയും ചെയ്യുന്ന ഒരു രാഷ്‌ട്രമായി ഉയർന്നുവന്നു. 2024ലെ ശ്രദ്ധേയമായ നയതന്ത്ര വിജയങ്ങൾ ലോകത്തിന് ഇന്ത്യയോടുള്ള വീക്ഷണത്തെ പുനർനിർമിക്കാനുള്ള വർഷങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ്.

2016ലെ സർജിക്കൽ സ്‌ട്രൈക്കുകൾ, 2019ലെ ബാലാകോട്ട് വ്യോമാക്രമണം തുടങ്ങിയ ധീരമായ നീക്കങ്ങൾ മുതൽ മഹാമാരിയുടെ സമയത്ത് വാക്‌സിൻ മൈത്രിയുമായി സഹായഹസ്തം നീട്ടിയത് വരെയുള്ള പ്രവർത്തനങ്ങൾ, ദൃഢനിശ്ചയത്തോടെയും സഹാനുഭൂതിയോടെയും നയിക്കാനാവുമെന്ന് ഇന്ത്യ കാണിച്ചു. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തൽ, അന്താരാഷ്‌ട്ര സൗര സഖ്യം, ആഗോള ജൈവ ഇന്ധനസഖ്യം തുടങ്ങിയ സംരംഭങ്ങൾ എല്ലാവർക്കും ന്യായമായ, സുസ്ഥിരമായ ഭാവിയിലേക്കുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

കുവൈറ്റ്, പോളണ്ട്, ഈജിപ്ത്, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിന്‍റെ സന്ദർശനം ദീർഘകാലമായി സജീവമല്ലാതിരുന്ന ബന്ധങ്ങൾ പുനരുജ്ജീവിപ്പിച്ചു. കൂടാതെ, ചെറുതും വലുതുമായ ബന്ധങ്ങളെ ഇന്ത്യ വിലമതിക്കുന്നു എന്ന സന്ദേശം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഇന്ത്യ നിഷ്‌ക്രിയമായി നിൽക്കാതെ പ്രവർത്തിച്ചു . ഗംഗ, അജയ് തുടങ്ങിയ ദൗത്യങ്ങൾ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നത് ഉറപ്പാക്കി. ഭൂകമ്പം ബാധിച്ച തുർക്കിക്കും യുദ്ധബാധിതരായ യുക്രെയ്‌നും നൽകിയ സഹായം ലോകത്തോട് ഇന്ത്യയുടെ ഐക്യദാർഢ്യം പ്രകടമാക്കി. ആഗോളതലത്തിൽ ഇടപെടാനും സഹായിക്കാനും പ്രചോദിപ്പിക്കാനും തയാറാണെന്ന് ഇന്ത്യ ഇന്ന് തെളിയിക്കുന്നു.

2024 ഇന്ത്യയുടെ നയതന്ത്രത്തിന് ശ്രദ്ധേയമായ വർഷമായിരുന്നു. ആഗോള നേതാവ് എന്ന നിലയിൽ ഇന്ത്യ അതിന്‍റെ സ്ഥാനം ഉറപ്പിച്ചു. ഈ യാത്രയെ രൂപപ്പെടുത്തിയ ചില പ്രധാന നിമിഷങ്ങളെ ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഉന്നത അന്താരാഷ്‌ട്ര നേതാക്കൾക്ക് ആതിഥേയത്വം നൽകുന്നത് മുതൽ ആഗോള സമാധാന ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നതുവരെ, ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ ലോക വേദിയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനം പ്രകടമാക്കി. 2024ൽ ഇന്ത്യ കൈവരിച്ച ചില പ്രധാന നയതന്ത്ര നാഴികക്കല്ലുകളും ഏറ്റെടുത്ത സംരംഭങ്ങളും ചുവടെ ചേർക്കുന്നു.

ബാസ്റ്റിൽ ദിനം മുതൽ റിപ്പബ്ലിക് ദിനം വരെ

ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്‍റിനെ ക്ഷണിച്ചതിലൂടെ, ലോകത്തെ പ്രമുഖ നേതാക്കളെ തുല്യ പ്രാധാന്യത്തോടെ പരിഗണിക്കാനുള്ള ഇന്ത്യയുടെ കഴിവ് വ്യക്തമാക്കപ്പെട്ടു.. 2023 ജൂലൈയിൽ പ്രധാനമന്ത്രി മോദിയെ ബാസ്റ്റിൽ ഡേയിൽ പങ്കെടുക്കുന്നതിനായുള്ള ഫ്രാൻസിന്‍റെ മുൻ ക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ നീക്കം. ഈ നടപടികൾ, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തെയും വളർന്നുവരുന്ന സൗഹൃദത്തെയും പ്രതിഫലിപ്പിക്കുന്നു.

8 മുൻ നാവിക ഉദ്യോഗസ്ഥരെ ഖത്തർ മോചിപ്പിച്ചു

പൗരന്മാർക്ക് വേണ്ടിയുള്ള ശക്തമായ വാദങ്ങൾ ഇന്ത്യയുടെ മുൻകാലങ്ങളിലെ നിഷ്ക്രിയമായ നിലപാടിൽ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ഇടപെടൽ മൂലം ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 ഇന്ത്യൻ മുൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചത് സുപ്രധാനമായ നയതന്ത്ര വിജയമായിരുന്നു . പ്രധാനമന്ത്രി മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തെ തുടർന്നാണ് ഖത്തർ കോടതി വധശിക്ഷ 3 മുതൽ 25 വർഷം വരെ തടവായി ഇളവ് ചെയ്തത്. മോദി ഗവൺമെന്‍റിന്‍റെ ദ്രുതഗതിയിലുള്ള നടപടി സുരക്ഷ ഉറപ്പാക്കി, വധശിക്ഷ നിർത്തലാക്കി,മുൻ നാവിക സേനാംഗങ്ങളെ കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ചു.

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനും ഉന്നത നേതൃത്വത്തെ കാണുന്നതിനുമായി പ്രധാനമന്ത്രി മോദി ഫെബ്രുവരി 13,14 തീയതികളിൽ യുഎഇ സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് നാവികരുടെ മോചനമുണ്ടായത്.

രാവി നദീജല നിയന്ത്രണം

ചരിത്രപരമായി, സിന്ധു നദീജല ഉടമ്പടിയോടുള്ള ഇന്ത്യയുടെ സമീപനം (IWT) താരതമ്യേന നിഷ്ക്രിയമാണ്. ജലസ്രോതസുകൾക്ക് മേൽ കാര്യമായ അവകാശമുണ്ടായിട്ടും, ഇന്ത്യ അതിന്‍റെ അവകാശങ്ങൾ പൂർണമായി ഉപയോഗിക്കാതെ കരാറിലെ വ്യവസ്ഥകൾ പാലിച്ചു. രാവി നദിയിൽ നിന്നുള്ള ജലം ഉപയോഗപ്രദമാക്കാതെ, ഗണ്യമായ അളവിൽ പാകിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിച്ചു.

ഇന്ന്, രാവി നദിയിലെ ഷാപുർഖണ്ടി ബാരേജിന്‍റെ നിർമാണം ഇന്ത്യ പൂർത്തിയാക്കി. പാകിസ്ഥാനിലേക്കുള്ള അധിക ജലപ്രവാഹം തടഞ്ഞു. ഇത് ജല പരിപാലനത്തിലെ തന്ത്രപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകൾക്ക് പ്രാധാന്യം നൽകുന്ന, ഇന്ത്യയുടെ ഉറച്ച നയതന്ത്ര നിലപാടിനെ ഇത് അടയാളപ്പെടുത്തുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം അവകാശങ്ങൾ ഉറപ്പിച്ചുകൊണ്ട് ഇന്ത്യ, ജലത്തിനെ നയതന്ത്ര ഉപകരണമെന്ന നിലയിൽ തന്ത്രപരമായി ഉപയോഗിച്ചതിനെ ഇത് എടുത്തു കാണിക്കുന്നു . കാർഷിക ആവശ്യങ്ങൾക്കായി 4,000 ഏക്കറിൽ ജലസേചനം നടത്താൻ ശേഷിയുള്ള ഈ നീക്കം, ജമ്മു കശ്മീരിന് ഗുണം ചെയ്യും. അടിത്തറ പാകിയതിന് ശേഷം 3 പതിറ്റാണ്ടുകൾ കഴിഞ്ഞാണ് അണക്കെട്ട് നിർമാണം പൂർത്തിയായത്എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ-ചൈന കരാർ

പ്രധാനമന്ത്രി മോദിയുടെ കീഴിൽ, 2014ന് ശേഷം യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) കൂടുതൽ ശക്തമായ സൈനിക സ്ഥിതിയുണ്ടാക്കുകയും ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുകയും ചെയ്തു. 2020 ജൂണിലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടൽ, ശത്രുതാ മനോഭാവത്തിൽ വർധനയുണ്ടാക്കുകയും അതിർത്തിയിൽ സൈനിക വിന്യാസങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളും വർധിപ്പിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുകയും ചെയ്തു. 4 വർഷം നീണ്ടുനിന്ന സൈനിക തർക്കത്തിന് ഈ വർഷം അവസാനമായി. ഇന്ത്യയും ചൈനയും ദെപ്സാങ് സമതലങ്ങളിലും ഡെംചോക്ക് പ്രദേശങ്ങളിലും യഥാർഥ നിയന്ത്രണ രേഖയിൽ സൈനിക പിന്മാറ്റത്തിനും പട്രോളിങ് പുനരാരംഭിക്കാനും സുപ്രധാന ധാരണയിലെത്തി. 2020 മെയ് മാസത്തിലെ പിരിമുറുക്കങ്ങൾക്ക് മുമ്പുള്ള സ്ഥിതിഗതികൾ പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി.

ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തന്ത്രപരമായി പ്രാധാന്യമുള്ള ഡെപ്‌സാങ് സമതലങ്ങളിൽ സൈനികരുടെ എണ്ണവും നീക്കവും കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്.

യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാന സ്ഥാപനത്തിന്

"ഇത് യുദ്ധത്തിനുള്ള സമയമല്ല' എന്ന് ഇന്ത്യ യുഎന്നിൽ എടുത്ത നിലപാട് ലോകത്ത് ആഴത്തില്‍ മുഴങ്ങി. വര്‍ഷങ്ങളായി തുടരുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുന്ന രാജ്യമെന്ന സ്ഥാനത്തേക്ക് ഇന്ത്യ ഉയരുകയും ചെയ്തു.

യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്കു മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ പറഞ്ഞു. യുദ്ധം പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയും സംഘര്‍ഷത്തിന് പരിഹാരം കാണുന്നതില്‍ ഇന്ത്യയ്ക്ക് ഒരു പങ്കു വഹിക്കാന്‍ കഴിയുമെന്ന് പ്രസ്താവിച്ചു.

2024 മധ്യത്തില്‍, പ്രധാനമന്ത്രി മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ സമാധാന ചര്‍ച്ചകളുടെ ആവശ്യകതയെക്കുറിച്ച് പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുട്ടിനുമായി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നു. അധികം താമസിയാതെ യുക്രെയ്‌നും സന്ദര്‍ശിച്ച അദ്ദേഹം സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സജീവ പങ്കു വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രകടിപ്പിച്ചു. ഭിന്നിച്ചു നില്‍ക്കുന്ന രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കാന്‍ കഴിവുള്ള ഇന്ത്യ "വിശ്വബന്ധു' എന്ന നിലയില്‍ ഒരു അതുല്യ രാഷ്‌ട്രമാണ്. കുറച്ചു നേതാക്കള്‍ക്ക് അത്തരം സങ്കീര്‍ണമായ സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ട യുഎന്‍ സുരക്ഷാ സമിതി മുന്‍ മേധാവി കിഷോര്‍ മഹ്ബൂബാനി ജിയോ പൊളിറ്റിക്കല്‍ രംഗത്തു പ്രധാന പങ്കുള്ള ഇന്ത്യയുടെ പദവി ഉയരുന്നതിനെപ്പറ്റി ഊന്നിപ്പറഞ്ഞു.

ഗ്ലോബല്‍ സൗത്ത്

വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചു. 2024 ജൂണ്‍ 9ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ബഹുരാഷ്‌ട്ര ഉച്ചകോടിയായിരുന്നു ഇത്.

പ്രധാനമന്ത്രി മോദിയുടെ 2024 ലെ ഗയാന, നൈജീരിയ സന്ദര്‍ശനങ്ങള്‍ കരീബിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നയതന്ത്ര സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ ശ്രമങ്ങളെ പ്രതിഫലിപ്പിച്ചു.

ഇറ്റലിയിലെ ജി 7 യോഗം

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി മോദിയെ ജി7 ലേക്ക് ക്ഷണിച്ചു, വിജയത്തിന് ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യത്തെ ആഗോള ഫോറമായിരുന്നു ഇത്. മൂന്നാം വട്ടവും അധികാരത്തിലെത്തുന്ന ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളായി മോദിയെ ലോകം അംഗീകരിച്ച സുപ്രധാന നിമിഷമായി അടയാളപ്പെടുത്തപ്പെട്ട ഇത് മോദിയുടെ ജനപ്രീതിയെയും ഇന്ത്യയുടെ രാഷ്‌ട്രീയ സുസ്ഥിരതയെയും സൂചിപ്പിക്കുന്നു. ഇറ്റലിയിലെ അപുലിയയില്‍ (Apulia) നടന്ന 50ാമത് ജി7 ഉച്ചകോടിയില്‍ ഇന്ത്യ ഒരു ഔട്ട്‌റീച്ച് കണ്‍ട്രി എന്ന നിലയില്‍ പങ്കെടുത്തു, പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിലെ ആദ്യ വിദേശ പര്യടനമായിരുന്നു ഇത്.

മ്യാന്‍മർ അതിർത്തി

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തുന്നതിനും മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ അനുപാതം നിലനിര്‍ത്തുന്നതിനുമായി ഇന്ത്യയ്ക്കും മ്യാന്‍മറിനുമിടയില്‍ നിലനിന്നിരുന്ന സ്വതന്ത്ര സഞ്ചാര സമ്പ്രദായം (FMR) അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

രക്ഷാപ്രവര്‍ത്തനം

ഓപ്പറേഷന്‍ ഇന്ദ്രാവതി: ഹെയ്തിയില്‍ നിന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഓപ്പറേഷന്‍ ഇന്ദ്രാവതി നടത്തി.

ഓപ്പറേഷന്‍ സദ്ഭവ്: ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ (HADR) എത്തിക്കുന്നതിന് ഇന്ത്യ സദ്ഭവ് ആരംഭിച്ചു.

2024 ഡിസംബര്‍ 10ന് സിറിയയില്‍ നിന്ന് 75 പൗരന്മാരെ ഇന്ത്യ വിജയകരമായി ഒഴിപ്പിച്ചു.

ഇന്ത്യ- പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴി

2024 ഫെബ്രുവരിയിൽ, ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (IMEC) വികസനം സംബന്ധിച്ച ആദ്യ ഔപചാരിക കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. അതേ മാസം പ്രധാനമന്ത്രി മോദിയുടെ ഗ്രീസ് സന്ദർശന വേളയിൽ, ഗാസയിലെയും പശ്ചിമേഷ്യലെയും സംഘർഷത്തെതുടർന്നു നിലനിൽക്കുന്ന അസ്ഥിരത, IMEC യുടെ യുക്തമായ വികാസപരിണാമങ്ങളെ തുരങ്കം വയ്ക്കാനനുവദിക്കരുതെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സിടാകിസ് വ്യക്തമാക്കുകയുണ്ടായി. ഇടനാഴി യാഥാർഥ്യമാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ദുർബലപ്പെടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചബഹാർ തുറമുഖം ഏറ്റെടുക്കൽ

ഈ മേഖലയിൽ പാകിസ്ഥാന്‍റെ ഗ്വാദർ തുറമുഖമേറ്റെടുത്തു കൊണ്ട് ചൈന സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്വാധീനത്തിനെതിരായ തന്ത്രപരമായ നീക്കമായി ചബഹാർ തുറമുഖത്തിന്‍റെ വികസനം കണക്കാക്കപ്പെടുന്നു. 2024 മെയ് 13ന്, ചബഹാർ തുറമുഖത്തിന്‍റെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന്‍റെ പ്രവർത്തനവികസനങ്ങൾ ലക്ഷ്യമിട്ട് ഇറാന്‍റെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമായി ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ് (IPGL) (PMO) ദീർഘകാല കരാറിൽ ഒപ്പു വച്ചു.

പാക്കിസ്ഥാനെ ഒഴിവാക്കി ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ മേഖലകളിലൂടെ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനുതകുന്ന ഇന്ത്യയുടെ പ്രഥമ സംരംഭത്തിനാണ് ഈ വിദേശ തുറമുഖത്തിന്‍റെ സമ്പൂർണ ഏറ്റെടുക്കലിലൂടെ നാന്ദി കുറിച്ചിരിക്കുന്നത്.

ചബഹാർ തുറമുഖത്തിലെ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ പ്രവർത്തനക്ഷമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഇറാനുമായി 10 വർഷ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്.

മാലദ്വീപ് ബന്ധം

"ഇന്ത്യ ഔട്ട്' കാമ്പെയ്ൻ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ 2023 നവംബറിൽ മുഹമ്മദ് മുയിസു പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചതിന് ശേഷമാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാകാൻ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷ്വദീപ് സന്ദർശനത്തോട് പ്രതികരിക്കവെ, പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപിന്‍റെ (PPM) സാഹിദ് റമീസ് ഉൾപ്പെടെയുള്ള മാലദ്വീപ് രാഷ്‌ട്രീയ നേതാക്കന്മാർ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ ഉറച്ച നിലപാടും ശക്തമായ നയതന്ത്ര ഇടപെടലുകളും കാര്യങ്ങളെ കീഴ്മേൽ മറിച്ചു. 2024 ഒക്‌ടോബർ 6 മുതൽ 10 വരെ പ്രസിഡന്‍റ് മുയിസു നടത്തിയ ഇന്ത്യാ സന്ദർശനം വഴിത്തിരിവായി മാറി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ മാലദ്വീപ് ഏർപ്പെടില്ലെന്ന് പ്രസിഡന്‍റ് മുയിസു ഇന്ത്യക്ക് ഉറപ്പ് നൽകി.

ക്വാഡ്

യുഎസിലെ വിൽമിങ്ടണിൽ നടന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്തു. ഇൻഡോ- പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ സ്വീകരിക്കേണ്ട തന്ത്രപരമായ നിലപാടുകളുടെയും, മേഖലയിലെ സുപ്രധാന ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വളരുന്ന പ്രതിച്ഛായയെയും ഉച്ചകോടി പ്രതിഫലിപ്പിച്ചു.

ഉച്ചകോടിക്കിടെ, ക്ലീൻ എക്കണോമി, ഫെയർ എക്കണോമി, IPEF ഔവറാർചിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇദംപ്രഥമമായ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു.

പുതിയ അർധചാലക വിതരണ ശൃംഖലാ ധാരണാപത്രത്തിലൂടെയും സഹകരണത്തിലൂടെയും അർധചാലക വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു

മോദിയുടെ ചരിത്രപ്രധാന സന്ദർശനങ്ങളുടെ വർഷം

  • * 56 വർഷത്തിനിടെ ആദ്യമായി ഗയാനയിൽ (നവംബർ, 2024). 1968ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്

  • * 17 വർഷത്തിനിടെ ആദ്യമായി നൈജീരിയയിൽ (നവംബർ, 2024)

  • * 32 വർഷത്തിനിടെ ആദ്യമായി യുക്രെയ്‌നിൽ (ഓഗസ്റ്റ്, 2024). 1992ൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് യിക്രെയ്‌ൻ സന്ദർശിക്കുന്നത്.

  • * 45 വർഷത്തിനിടെ ആദ്യമായി പോളണ്ടിൽ (ഓഗസ്റ്റ്, 2024)

  • * 41 വർഷത്തിനിടെ ആദ്യമായി ഓസ്ട്രിയയിൽ (ജൂലൈ, 2024)

  • * ബ്രൂണെ ദാറുസലാം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി മോദി മാറി (സെപ്റ്റംബർ, 2024). ഇന്ത്യയും ബ്രൂണെയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 40ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.

2024ൽ പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങൾ

  • * ഭൂട്ടാൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ' നൽകി ആദരിച്ചു.

  • * റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി "ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ദി അപ്പോസ്‌തൽ' 2019ൽ മോദിക്ക് നൽകി ആദരിച്ചു. 2024 ജൂലൈയിലെ മോസ്‌കോ സന്ദർശനവേളയിലാണ് പുരസ്ക്കാരം സമ്മാനിച്ചത്.

  • * "ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ' നൽകി പ്രധാനമന്ത്രി മോദിയെ ഡൊമിനിക്ക ആദരിച്ചു. 2024 നവംബറിൽ ഗയാനയിൽ പ്രധാനമന്ത്രി നടത്തിയ സന്ദർശന വേളയിൽ ഡൊമിനിക്കൻ പ്രസിഡന്‍റ് സിൽവാനി ബർട്ടൺ പുരസ്ക്കാരം മോദിക്ക് സമ്മാനിച്ചു.

  • * 2024 നവംബറിലെ സന്ദർശന വേളയിൽ "ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ' നൽകി പ്രധാനമന്ത്രി മോദിയെ നൈജീരിയ ആദരിച്ചു. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു പുരസ്ക്കാരം സമ്മാനിച്ചു.

  • * 2024 നവംബറിലെ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ "ദ ഓർഡർ ഓഫ് എക്‌സലൻസ്' നൽകി ഗയാന പ്രധാനമന്ത്രി മോദിയെ ആദരിച്ചു. പ്രസിഡന്‍റ് ഡോ. ഇർഫാൻ അലി പുരസ്ക്കാരം സമ്മാനിച്ചു.

  • * 2024 നവംബറിൽ പ്രധാനമന്ത്രിയുടെ ഗയാന സന്ദർശന വേളയിൽ മോദിയെ "ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്' അവാർഡ് നൽകി ആദരിക്കാനുള്ള സർക്കാർ തീരുമാനം ബാർബഡോസിലെ എം മിയ അമോർ മോട്ടിലി പ്രഖ്യാപിച്ചു.

സാംസ്കാരിക നയതന്ത്രം

  • * പശ്ചിമേഷ്യൻ രാഷ്‌ട്രങ്ങളുമായി സൗഹൃദം വളർത്തുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിജയകരമായ സാംസ്കാരിക നയതന്ത്ര പരിശ്രമങ്ങൾക്ക് ഉത്തമോദാഹരണമാണ് ദുബായിൽ ഒരു ഹിന്ദു ക്ഷേത്രം തുറന്ന സംഭവം.

  • * ഏകദേശം 10 മില്യൺ ഡോളർ വിലമതിക്കുന്നതും കവർന്നെടുക്കപ്പെട്ടതുമായ 1,400 പുരാവസ്തുക്കൾ 2024 നവംബർ 15ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യക്ക് മടക്കി നൽകി.

ദേശീയ പാത അതോറിറ്റിയുടെ വാദം തള്ളി; ടോൾ പിരിവ് നിർത്തലാക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രനെതിരായ ഹർജി പിൻവലിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സർക്കാരിന്‍റെ ഓണസമ്മാനം വർധിപ്പിച്ചു; ആനുകൂല്യം ലഭിക്കുക 5 ലക്ഷത്തിലധികം പേർക്ക്

"സിപിഎം അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തു വരും''; വി.ഡി. സതീശൻ

ഇന്ത്യക്കു മേലുള്ള തീരുവ റഷ്യയെ സമ്മർദത്തിലാക്കാൻ: ജെ.ഡി. വാൻസ്