ഇന്ത്യയെ ഭയം: പുതിയ ഭരണഘടനാ ഭേദഗതികളുമായി പാക്കിസ്ഥാൻ
file photo
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ നേരിട്ട പരാജയങ്ങളാണ് പാക്കിസ്ഥാനെ പുതിയ ഭരണഘടനാ ഭേദഗതികൾക്ക് നിർബന്ധിതരാക്കിയത് എന്ന് ഇന്ത്യ. പാക്കിസ്ഥാന്‍റെ പുതിയ ഭരണഘടനാ ഭേദഗതി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാൻ നേരിട്ട പരാജയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇന്ത്യ പ്രതികരിച്ചു. ഓപ്പറേഷൻ സിന്ദൂർ പരാജയത്തിനു പിന്നാലെയാണ് പാക്കിസ്ഥാൻ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് എന്ന് ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി. പൂനെ പബ്ലിക് പോളിസി ഫെസ്റ്റിവലിൽ ആയിരുന്നു ഈ പ്രതികരണം.
പാക്കിസ്ഥാൻ തിടുക്കത്തിൽ നടത്തിയ ഭരണഘടനാ ഭേദഗതി ഉൾപ്പടെ ഓപ്പറേഷൻ സിന്ദൂറിൽ അവർക്ക് നേരിട്ട നഷ്ടങ്ങളും പോരായ്മകളും വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ലെ ഭേദഗതി രാജ്യത്തിന്‍റെ ഉന്നത പ്രതിരോധ സംഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി മൂന്നു സേനകളുടെയും സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്ദേശിച്ചിരുന്ന ജോയിന്‍റ് ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിർത്തലാക്കിയതായി ജനറൽ ചൗഹാൻ വിശദീകരിച്ചു.
പകരം പാക്കിസ്ഥാൻ ചീഫ് ഒഫ് ഡിഫൻസ് കോഴ്സ് (സിഡിഎഫ്) എന്ന പദവി സൃഷ്ടിച്ചു. ഈ തസ്തിക സൃഷ്ടിക്കാൻ കരസേനാ മേധാവിക്കു മാത്രമേ കഴിയൂ. ഇത് അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ നാഷണൽ സ്ട്രാറ്റജി കമാന്‍ഡും ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡും സൃഷ്ടിച്ചിട്ടുണ്ട്. റോക്കറ്റ് ഫോഴ്സ് കമാന്‍ഡിന്‍റെ പ്രഖ്യാപനമാണ് മറ്റൊരു പ്രധാന മാറ്റം.