ശാന്തി ബിൽ 2025

 

social media 

India

വികസിത ഭാരതത്തിന് "ശാന്തി'യുടെ കാഴ്ചപ്പാട്

ആണവ ഊർജത്തെ കരുത്താക്കി മാറ്റാനുള്ള സുപ്രധാന നയം

Reena Varghese

ഡോ. ജിതേന്ദ്ര സിങ്

മൺസൂൺ ആദ്യമായി ഡെക്കാൻ പീഠഭൂമിയെ തൊട്ടുണർത്തുമ്പോൾ ദശലക്ഷക്കണക്കിന് ചെറുനീർച്ചാലുകൾ ഇഴ ചേർന്ന് നദികളായി മാറുന്നു. ജലധാരയെ മഹാശക്തിയാക്കി മാറ്റുന്നത് ഇടിമുഴക്കമല്ല; അരുവികൾ തമ്മിലും ഗ്രാമങ്ങൾ തമ്മിലും ക്ഷമയോടു കൂടിയ സമാഗമമാണ്. നഗരത്തെ ഒന്നടങ്കം പ്രകാശിപ്പിക്കാന്‍ ആത്മവിശ്വാസം കൈവരുന്നതു വരെ ആ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കുന്നു. അണുശക്തിക്കൊപ്പം ഇന്ത്യയുടെ യാത്രയും അതുപോലെയായിരുന്നു. പതിറ്റാണ്ടുകളായി ശാസ്ത്രത്തിന്‍റെ ശാന്തമായ നീര്‍ച്ചാലുകള്‍ ഒത്തുചേർന്ന് ഇന്ന് അതൊരു വൻ നദിയായി മാറിക്കഴിഞ്ഞു.

അർധരാത്രി ഒരു ഡാറ്റാ സെന്‍ററിന് ഊർജമേകാനും ഉച്ചകഴിഞ്ഞ് ആഹാരം അണുവിമുക്തമാക്കാനും വൈകുന്നേരങ്ങളില്‍ ഡോക്റ്റർക്ക് ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ തുണയേകാനും ശേഷിയുള്ള പ്രവാഹമാണത്.വികസിത ഭാരതത്തിനായി ആണവോർജത്തിന്‍റെ സുസ്ഥിര വിനിയോഗവും പരിപോഷണവും സംബന്ധിച്ച 2025ലെ "ശാന്തി' ബിൽ അവതരിപ്പിക്കുന്നതിലൂടെ ഈ പ്രവാഹം ഓരോ വീടുകളിലും വ്യവസായശാലകളിലും സ്ഥാപനങ്ങളിലും എത്തിച്ചേരാന്‍ നദിയുടെ അടിത്തട്ട് പാകപ്പെടുത്തുകയാണ് നാം. ആശ്രിതവും സംശുദ്ധവുമായ ഊർജവും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന അതിന്‍റെ പ്രയോഗങ്ങളും എല്ലാവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.

പശ്ചാത്തലം

ഈ നിമിഷം എന്തുകൊണ്ട് ഇത്രയേറെ പ്രാധാന്യമർഹിക്കുന്നു? 2014ന് മുൻപ് ഇന്ത്യയുടെ ആണവോർജ മേഖല രണ്ടു വ്യത്യസ്ത നിയമങ്ങളിൽ അധിഷ്ഠിതമായിരുന്നു. വികസനവും നിയന്ത്രണവും അടിസ്ഥാനമാക്കിയ 1962ലെ ആണവോര്‍ജ നിയമവും, ആണവ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്ന 2010ലെ ആണവ നാശനഷ്ട സിവിൽ ബാധ്യതാ നിയമവും.

രണ്ടു നിയമങ്ങളും അതതു കാലഘട്ടത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റി. ആണവോർജം പ്രധാനമായും ഭരണകൂടത്തിന്‍റെ മാത്രം ഉത്തരവാദിത്തമായി കണ്ടിരുന്ന ഒരു കാലഘട്ടത്തെയാണ് അവ പ്രതിനിധീകരിച്ചിരുന്നത്. അതിനാൽ നിർമാണം, ധനകാര്യം, ഇൻഷ്വറൻസ്, സ്റ്റാർട്ടപ്പുകൾ, നൂതന ഗവേഷണം തുടങ്ങിയ വിപുലമായ മേഖലകൾക്ക് ഈ പ്രക്രിയയിൽ പങ്കുചേരാന്‍ അന്ന് അവസരങ്ങൾ പരിമിതമായിരുന്നു.

ഈ രണ്ടു നിയമങ്ങളെയും റദ്ദാക്കുന്ന "ശാന്തി' ബില്‍ അതിനു പകരം ഏകീകൃതവും ആധുനികവുമായ സംവിധാനം നടപ്പാക്കുന്നു. രാജ്യത്തെ ആണവ നിയന്ത്രണ ഏജൻസിയായ ആണവോര്‍ജ നിയന്ത്രണ ബോർഡിന് നിയമപരമായ പദവി നൽകുന്ന ഈ ബില്‍ ഉത്തരവാദിത്വങ്ങൾ വ്യക്തമായി നിർവചിക്കുകയും അതീവ സുരക്ഷാ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങൾ സർക്കാരിനു കീഴില്‍ നിലനിർത്തി പൊതു- സ്വകാര്യ പങ്കാളിത്തത്തിന് വഴികൾ തുറന്നുനൽകുകയും ചെയ്യുന്നു.

ഈ നദി എത്രത്തോളം വിശാലമായി മാറിയിരിക്കുന്നു എന്ന് ഒരു താരതമ്യത്തിലൂടെ മനസിലാക്കാം. കഴിഞ്ഞ ദശകം ആണവ ഇന്ധന ചക്രത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുകയും പദ്ധതി ഉത്തരവാദിത്തത്തോടെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. 2047ഓടെ 100 ജിഗാവാട്ട് ആണവോർജ ശേഷി എന്ന വലിയ ലക്ഷ്യത്തിലേക്ക് കുതിക്കാൻ നാം ഇപ്പോള്‍ സജ്ജമാണ്. നിര്‍മിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, തദ്ദേശീയ അര്‍ധചാലക നിർമാണം, വൻകിട ഡാറ്റാ ഗവേഷണം എന്നിവയ്ക്ക് ഇതു കരുത്തേകും.

ഏകീകൃത സംവിധാനം

ഈ ബിൽ ലൈസൻസുകൾക്കും സുരക്ഷാ അനുമതികൾക്കും ഏകീകൃത സംവിധാനമൊരുക്കുന്നു. വലിയ റിയാക്റ്ററുകൾക്ക് 3,000 കോടി രൂപയും ചെറിയ റിയാക്റ്ററുകൾക്കും ഇന്ധന സംസ്‌കരണ ശാലകൾക്കും 100 കോടി രൂപയും എന്ന നിലയില്‍ ആണവ നിലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് നഷ്ടപരിഹാര ബാധ്യതകളിൽ ക്രമീകരണം വരുത്തുന്നു.

ചെറുകിട മോഡുലാർ റിയാക്റ്ററുകൾ പോലുള്ള നൂതനാശയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി മുന്നോട്ടുപോകാൻ ഇത് സഹായകമാണ്. നഷ്ടപരിഹാരത്തുക ഓപ്പറേറ്ററുടെ പരിധിയ്ക്കപ്പുറമാകുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ "ആണവ നഷ്ടപരിഹാര നിധി' ബില്ലില്‍ വിഭാവനം ചെയ്യുന്നു. കൂടാതെ അന്താരാഷ്‌ട്ര കൺവെൻഷനുകളുടെ അധിക സഹായം തേടാന്‍ അവസരവും ഉറപ്പാക്കുന്നു- കാരണം, സാങ്കേതികവിദ്യ പോലെ കരുതലും വിശാലമായിരിക്കണം.

മാറ്റം ഏറ്റവും അർഥപൂര്‍ണമാകുന്നത് സാധാരണ പൗരന് അനുഭവിക്കാനാവുമ്പോഴാണ്. ആരോഗ്യരംഗത്ത് അണുശക്തി ചികിത്സ വാഗ്ദാനങ്ങളിൽ നിന്ന് പ്രായോഗികതയിൽ എത്തിയിരിക്കുന്നു. ടാറ്റാ മെമ്മോറിയൽ പോലുള്ള കേന്ദ്രങ്ങളിൽ ഐസോടോപ്പുകളെ രോഗശാന്തിക്ക് ഉപാധികളാക്കി മാറ്റിയതിലൂടെ കുട്ടികളിലെ രക്താർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഇന്ന് ചികിത്സകൾ ലഭ്യമാണ്. 10 വർഷത്തിനിടെ വലിയ പുരോഗതിയാണ് നാം കൈവരിച്ചത്.

ഗവേഷണ പാതകൾ കൂടുതൽ ഉദാരമാക്കുന്നതിലൂടെ മികച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ വൈദഗ്ധ്യം രാജ്യത്തിന്‍റെ ശേഷി വർധനയ്ക്കായി വിനിയോഗിക്കാം. കൃഷി, ഭക്ഷ്യമേഖലയിൽ ഉത്പന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനും ഗുണമേന്മ ഉറപ്പാക്കാനും വികിരണ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇത്തരം സൗകര്യങ്ങളെയും ഉപകരണങ്ങളെയും അംഗീകരിക്കുന്ന "ശാന്തി' ബിൽ ആശുപത്രികളിലെ ചികിത്സാ വിഭാഗങ്ങളിലും ഫാക്റ്ററികളിലെ ഗുണനിലവാര പരിശോധനാ വിഭാഗങ്ങളിലുമെല്ലാം ദൈനംദിന ഉപയോഗത്തിന് വ്യക്തതയും സുരക്ഷിതത്വവും ഉറപ്പാക്കാം.

സാങ്കേതിക പദങ്ങൾ

നിത്യജീവിതത്തിന്‍റെ ഭാഗമായി മാറാൻ പോകുന്ന ചില സാങ്കേതിക പദങ്ങള്‍ വിശദീകരിക്കാം. ആണവ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതോ അത്തരം വലിയ അപകടസാധ്യത ഉയർത്തുന്നതോ ആയ സംഭവങ്ങളെയാണ് "ന്യൂക്ലിയർ ഇൻസിഡന്‍റ് ' അഥവാ ആണവ അപകടം എന്ന് പറയുന്നത്. "ന്യൂക്ലിയർ ഡാമേജ് ' അഥവാ ആണവ നാശനഷ്ടം എന്ന പ്രയോഗത്തിന്‍റെ നിർവചനം ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. ജീവഹാനി, പരിക്കുകൾ (ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ), സ്വത്തുനാശം, പരിസ്ഥിതി പുനഃസ്ഥാപന ചെലവ്, പരിസ്ഥിതി നാശം മൂലമുണ്ടാകുന്ന വരുമാന നഷ്ടം എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് രേഖാമൂലം നൽകുന്ന അനുമതിയാണ് "സേഫ്റ്റി ഓഥറൈസേഷൻ' അഥവാ സുരക്ഷാ അനുമതി. വികിരണ ഉപകരണങ്ങൾ, റേഡിയോ ഐസോടോപ്പുകൾ, വ്യക്തികളെ അയോണൈസിങ് വികിരണങ്ങൾക്ക് വിധേയമാക്കുന്ന സംവിധാനങ്ങൾ എന്നിവയുടെ രൂപകല്പന, സ്ഥാനനിർണയം, പ്രവർത്തനം, പ്രവർത്തനം അവസാനിപ്പിക്കൽ എന്നീ ഘട്ടങ്ങളെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്ന് ഇത് എപ്പോഴും ഉറപ്പാക്കുന്നു.

ഇന്ത്യയിലെ ആണവനിലയങ്ങൾ നിർമാണ വേളയിൽ 3 മാസത്തിലൊരിക്കലും, പ്രവർത്തന ഘട്ടത്തില്‍ 6 മാസത്തിലൊരിക്കലും പരിശോധിക്കുന്നു. അന്താരാഷ്‌ട്ര അണുശക്തി ഏജൻസി ഈ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നു. കൂടാതെ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന് ലഭിച്ച നിയമപരമായ പദവി സ്ഥാപനത്തിന് കൂടുതൽ അധികാരവും നടപടികൾ സ്വീകരിക്കാനുള്ള കഴിവും നൽകുന്നു.

വികിരണത്തിന്‍റെ അളവ് "മൈക്രോസീവർട്ടി'ലാണ് (µSv) അളക്കുന്നത്. പൊതുജനങ്ങൾക്ക് അനുവദനീയ വാർഷിക പരിധി 1,000 µSv ആണെന്നിരിക്കെ കൂടംകുളം നിലയത്തിന്‍റേത് 0.002 µSv യും താരാപുരിന്‍റേത് 0.2 µSv യുമാണ്. രാജ്യത്തെ ആണവ നിലയങ്ങളിലെ വികിരണം അനുവദനീയ പരിധിയുടെ വളരെ ചെറിയ ഒരംശം മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ഭൂകമ്പ പ്രതിരോധ ജ്ഞാനം അടിസ്ഥാനമാക്കി കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലെ ആണവ നിലയങ്ങൾ അപകടസാധ്യതേറിയ മേഖലകളിൽ നിന്നും 100 മുതല്‍ മുതൽ 1,000ത്തിലേറെ കിലോമീറ്ററുകൾ അകലെയാണ് സ്ഥാപിച്ചിരിക്കുന്നത്. കാരണം, സുരക്ഷയുടെ കാര്യത്തിൽ ഭൂപ്രകൃതിയും ശാസ്ത്രീയമായി ക്രമീകരിക്കപ്പെടേണ്ടതുണ്ട്.

പൗര ജീവിതത്തിലെ മാറ്റം

ഒന്നാമതായി വിശ്വസനീയ ഊർജം 24 മണിക്കൂറും ലഭ്യമാകുന്നു- കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലോടെയും കാലാവസ്ഥാ മാറ്റങ്ങള്‍ ബാധിക്കാതെയും. ഒരു വസ്ത്ര നിർമാണ കേന്ദ്രം അതിന്‍റെ ഊർജ സ്രോതസുകളിലേക്ക് ഒരു ചെറുകിട മോഡുലാര്‍ റിയാക്റ്റര്‍ ചേർക്കുന്നത് നെയ്ത്തിനെയും ഉപജീവനത്തെയും സുസ്ഥിരമാക്കുന്നു; ഒരു ജില്ലാ ആശുപത്രിയില്‍ സ്കാനിങ്ങിനും റേഡിയോ തെറാപ്പിയ്ക്കും ഡിജിറ്റൽ റെക്കോഡുകള്‍ക്കുമെല്ലാം തടസമില്ലാത്ത വൈദ്യുതി ലഭ്യമാകുന്നതോടെ രോഗിയുടെ ഉത്കണ്ഠ ഒരേയൊരു കാര്യത്തിലേക്ക് മാത്രം ചുരുങ്ങുന്നു- ചികിത്സ പൂര്‍ത്തിയാകാനുള്ള കാത്തിരിപ്പു മാത്രം.

"ശാന്തി'യുടെ തരം തിരിച്ച നഷ്ടപരിഹാര ബാധ്യതാ വ്യവസ്ഥ ചെറുകിട നിക്ഷേപകർക്ക് ഇത്തരം പ്ലാന്‍റുകൾ നിർമിക്കാന്‍ കർശന ഉത്തരവാദിത്തം നിലനിർത്തിക്കൊണ്ടു തന്നെ തടസങ്ങൾ ലഘൂകരിക്കുന്നു. കൂടാതെ, രൂപകല്പന മുതൽ പ്രവർത്തസജ്ജമാകുന്നതു വരെ എല്ലാ ഘട്ടങ്ങളെയും ബില്ലിലെ ഏകീകൃത നിയമങ്ങൾ ലളിതവത്കരിക്കുന്നു. വീഴ്ചകൾ സംഭവിക്കുമ്പോൾ ലഭിക്കുന്ന മികച്ച പരിഹാര സംവിധാനങ്ങളാണ് രണ്ടാമത്തേത്.

പുനഃപരിശോധനാ അപേക്ഷകൾ കേൾക്കാനും സാങ്കേതിക ജ്ഞാനത്തോടെ അനുരഞ്ജന ചർച്ചകൾ സുഗമമാക്കാനും എഇസി ചെയർപേഴ്സൺ, ബാര്‍ക് ഡയറക്റ്റർ, എഇആർബി ചെയർപേഴ്സൺ, സിഇഎ ചെയർപേഴ്സൺ എന്നിവരടങ്ങിയ ആണവോര്‍ജ പരിഹാര ഉപദേശക സമിതി രൂപീകരിക്കുന്നു. ആണവ അപകടം റിപ്പോർട്ട് ചെയ്ത് 30 ദിവസത്തിനകം നഷ്ടപരിഹാരം വേഗം നിർണയിക്കാന്‍ സമിതി "ക്ലെയിം കമ്മിഷണർമാരെ' നിയോഗിക്കുന്നു. കൂടാതെ, ഗുരുതര കേസുകളിൽ അടിയന്തര സാഹചര്യങ്ങൾക്കായി സിവിൽ കോടതി മാതൃകയിൽ അർധ- നീതിന്യായ അധികാരങ്ങളോടെ ഒരു "ആണവ നഷ്ടപരിഹാര കമ്മിഷൻ' രൂപീകരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.

സുരക്ഷിത, സുതാര്യ ആവാസവ്യവസ്ഥ ഒരുക്കുക എന്നതാണ് മൂന്നാമത്തേത്. സുരക്ഷ സംബന്ധിച്ച ന്യായമായ പൊതുജന സമ്പർക്ക പരിപാടികളെ തടസപ്പെടുത്താതെ നിലയങ്ങളെക്കുറിച്ചും സാമഗ്രികളെക്കുറിച്ചും രൂപകൽപ്പനയെക്കുറിച്ചും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സംരക്ഷിക്കാൻ "നിയന്ത്രിത വിവര വ്യവസ്ഥകൾ' സഹായിക്കുന്നു. ഇന്ധന സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്‍റെ പുനഃസംസ്‌കരണം, ഖനജല ഉത്പാദനം, ഐസോടോപ്പിക് വേർതിരിക്കൽ എന്നിവയുടെ പൂർണ നിയന്ത്രണം സർക്കാരിനു കീഴില്‍ തന്നെ നിലനിർത്തുന്നു.

ഉപയോഗിച്ച ഇന്ധനം ശീതീകരിച്ച ശേഷം സർക്കാർ കസ്റ്റഡിയിൽ തിരിച്ചേൽപ്പിക്കുന്നു. ഇവ ഒരിക്കലും സ്വകാര്യ ഓപ്പറേറ്റർമാർ കൈകാര്യം ചെയ്യുന്നില്ല എന്നതിനാല്‍ ദീർഘകാല മേൽനോട്ടം പരമാധികാര ചുമതലയായി തുടരുന്നു. അതേസമയം പൊതു സുരക്ഷയുമായും രാജ്യസുരക്ഷയുമായും ബന്ധപ്പെട്ട മുന്‍കരുതലുകള്‍ക്കു വിധേയമായി ഗവേഷണം, രൂപകല്പന, നൂതനാശയങ്ങള്‍ എന്നിവയെ പ്രത്യേക അനുമതി നേടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കും സർവകലാശാലകൾക്കും പ്രോട്ടോടൈപ്പുകൾ, സെൻസറുകൾ, എഐ അധിഷ്ഠിത നിരീക്ഷണം, റിയാക്റ്ററുകളെ കൂടുതൽ സുരക്ഷിതമാക്കുന്ന നൂതന സാമഗ്രികൾ, വികിരണങ്ങളുടെ കൃത്യമായ ഉപയോഗം എന്നിവയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ഇതുവഴി സാധിക്കും.

സാമ്പത്തിക രംഗം

അഞ്ചു വർഷം മുമ്പ് ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തപ്പോൾ പ്രാരംഭ ഘട്ടത്തിലായിരുന്ന ആ സാമ്പത്തിക മേഖല 8 ബില്യൺ ഡോളറായി വളർന്നു; 300ലേറെ സ്റ്റാർട്ടപ്പുകളും ഒരു ദശകത്തിനിടെ 5 മടങ്ങ് വളർച്ചാ സാധ്യതയും അത് കൈവരിച്ചു. സമാന ആത്മവിശ്വാസം ഈ മേഖലയിലും പ്രതിഫലിക്കുമെന്നാണു പ്രതീക്ഷ. "ശാന്തി' ബില്ലിനൊപ്പം ചെറുകിട മോഡുലാര്‍ റിയാക്റ്റര്‍ ദൗത്യങ്ങള്‍ക്ക് 20,000 കോടി രൂപയും വിവിധ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉത്തേജിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ "ഗവേഷണ വികസന നൂതനാശയ ഫണ്ടും' പ്രഖ്യാപിച്ചിട്ടുണ്ട്. ആണവോർജം ഒറ്റപ്പെട്ട മേഖലയായിരിക്കില്ല, മറിച്ച് രാജ്യത്തിന്‍റെ വിപുലമായ നൂതനാശയ മുന്നേറ്റത്തിലെ സുപ്രധാന കേന്ദ്രമായി അത് മാറും.

നഷ്ടപരിഹാര ബാധ്യത സംബന്ധിച്ചും കോടതികളെക്കുറിച്ചും ചിലർ ആശങ്കപ്പെടുന്നുണ്ടെങ്കിലും "ശാന്തി' ഇക്കാര്യത്തിൽ തികഞ്ഞ വ്യക്തത നൽകുന്നു. ഓരോ നിലയത്തിന്‍റെയും സ്വഭാവമനുസരിച്ച് തരം തിരിച്ച ബാധ്യതകൾ ഓപ്പറേറ്റർമാർ വഹിക്കേണ്ടതുണ്ട്; ഇതിനു നിർബന്ധിത ഇൻഷ്വറൻസോ സാമ്പത്തിക സുരക്ഷയോ ഉറപ്പാക്കണം. നിശ്ചിത പരിധിക്കപ്പുറം നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ "ആണവ നഷ്ടപരിഹാര നിധി'യും ആവശ്യമെങ്കിൽ അന്താരാഷ്‌ട്ര സഹായ നിധിയും പ്രയോജനപ്പെടുത്താം.

സാങ്കേതിക അവകാശവാദങ്ങൾ കൊണ്ട് സിവിൽ കോടതികളിൽ കേസുകൾ കുന്നുകൂടില്ല; പകരം പ്രത്യേക പരിഹാര കമ്മിഷൻ ഇവ തീർപ്പാക്കുന്നു. ഈ വിധികൾക്കെതിരായ അപ്പീലുകൾ ആണവ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച ഇലക്‌ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്‍റെയും അന്തിമമായി സുപ്രീം കോടതിയുടെയും പരിഗണനയ്ക്കു വിടാം. നീതിയെ മറികടക്കുകയല്ല, വൈദഗ്ധ്യത്തോടെയും അന്തസോടെയും വേഗം നീതി ലഭ്യമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

പരമാധികാരം

ചിലർ പരമാധികാരം ദുർബലപ്പെടുമെന്ന് ഭയപ്പെടുന്നു; എന്നാൽ, മറിച്ചാണ് യാഥാർഥ്യം. ആണവ സ്രോതസുകളും വിഘടനക്ഷമമായ പദാർഥങ്ങളും സർക്കാരിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലും കണക്കെടുപ്പിലും തുടരുന്നു. നിശ്ചിത അളവിനു മുകളില്‍ യുറേനിയം, തോറിയം ഖനനം സർക്കാർ സ്ഥാപനങ്ങൾ മാത്രമായിരിക്കും. അതീവ ജാഗ്രതാ സാഹചര്യങ്ങളില്‍ നിലയങ്ങള്‍ ഏറ്റെടുക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനുണ്ട്. രാജ്യം ആവശ്യപ്പെടുന്ന പക്ഷം ഏതൊരു ആണവ സംവിധാനത്തിന്‍റെയും സാമഗ്രികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്ന അടിയന്തര അധികാരങ്ങളും ഇതിലുണ്ട്. പരമാധികാരവും സുരക്ഷയും വികസനത്തിന്‍റെ വ്യാപ്തിയും പരസ്പരം ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്.

ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുന്നു എന്നതിലൂടെയാണ് ഏതൊരു നിയമവും നിലനിൽക്കുന്നത്. തൊട്ടടുത്ത റിയാക്റ്റർ സ്ഥിരമായി പ്രവർത്തിക്കുന്നതിനാൽ അർധരാത്രി തെരുവുവിളക്കുകൾ മിന്നിമറയാത്ത ചെറിയ പട്ടണം ഞാൻ മനസില്‍ കാണുന്നു; വികിരണ സംസ്കരണത്തിലൂടെ ദീർഘകാലം കേടുകൂടാതെയിരിക്കുന്ന ഉള്ളിക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന കർഷകനെ കാണുന്നു; ഒരു ലീനിയർ ആക്സിലറേറ്റർ ജീവൻരക്ഷാ ഔഷധത്തിന്‍റെ കൃത്യമായ അളവു നിർണയിക്കുന്നതു നോക്കിനിൽക്കുന്ന ഒരു അമ്മയെയും, ചെറിയൊരു പിഴവ് അപകടമായി മാറും മുമ്പ് അത് കണ്ടെത്താനാവുന്ന അൽഗോരിതം തയാറാക്കുന്ന യുവ എൻജിനീയറെയും ഞാൻ കാണുന്നു.

ഇത്തരമൊരു ഇന്ത്യയുടെ പിറവിക്കു വഴിമരുന്നിടാനാണ് "ശാന്തി' ബില്ലിലൂടെ ലക്ഷ്യമിടുന്നത്: സംശുദ്ധവും വിശ്വസനീയവുമായ ഊർജത്തിലൂടെ കരുത്താർജിച്ചതും ശക്തമായ നിയമങ്ങളാൽ സംരക്ഷിക്കപ്പെട്ടതും പൗരന്മാരുടെ സർഗ വൈദഗ്ധ്യത്താൽ മുന്നേറുന്നതുമായ വികസിത ഭാരതം. നദികൾ സമുദ്രത്തിലേക്കുള്ള വഴിയെക്കുറിച്ചു തര്‍ക്കിക്കാറില്ല, സ്വയം ഒഴുകി അവ അത് കണ്ടെത്തുന്നു. "ശാന്തി'യിലൂടെ ഇന്ത്യയുടെ അണുശക്തി നദിയും അതിന്‍റെ ശരിയായ പാത കണ്ടെത്തി- സുരക്ഷിതവും പരമാധികാരപൂര്‍ണവും ഓരോ പൗരനും പ്രയോജനപ്പെടുന്നതുമായ ഒരു പാത.

(ശാസ്ത്ര- സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പുകളുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസ്, ആണവോർജം, ബഹിരാകാശം, പേഴ്സണൽ, പൊതു പരാതി, പെൻഷൻ എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമാണ് ലേഖകൻ)

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ