പഹൽഗാം ഭീകരാക്രമണത്തിനു ശേഷം 51 വെടിനിർത്തൽ ലംഘനങ്ങൾ; നിരന്തരം പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ
file image
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം തുടരെ 51 തവണ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. ഓരോ തവണയും ഇന്ത്യ തിരിച്ചടി നൽകിയതായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ജമ്മു കശ്മീരിലെ നൗഷേര, സുന്ദർബാനി, അഖ്നൂർ സെക്റ്ററുകളിൽ പാക് സൈന്യം വെടിവയ്പ്പ് നടത്തി. ഏപ്രിൽ 29നു രാത്രിയിലായിരുന്നു ആക്രമണം.
ഇന്ത്യൻ സൈന്യം ഉടൻ തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പ്രകോപനം തുടരുന്നത്. പാക് ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.