പശ്ചിമ ബംഗാളിൽ നിന്നും നാടുകടത്തിയത് നാലായിരത്തെണ്ണൂറ് അനധികൃത കുടിയേറ്റക്കാരെ

 
India

പശ്ചിമ ബംഗാളിൽ നിന്നു നാടുകടത്തിയത് 4,800 അനധികൃത കുടിയേറ്റക്കാരെ

എണ്ണൂറ്റി മുപ്പത്താറു പേർ കൂടി നിലവിൽ നാടുകടത്തൽ നടപടികൾ നേരിടുന്നതായും അദ്ദേഹം അറിയിച്ചു.

Reena Varghese

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നും നാലായിരത്തെണ്ണൂറ് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തിയതായി സുവേന്ദു സർക്കാർ. പശ്ചിമ ബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ നിന്നാണ് അവരെ ബംഗ്ലാദേശിലേയ്ക്ക് നാടു കടത്തിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. എണ്ണൂറ്റി മുപ്പത്താറു പേർ കൂടി നിലവിൽ നാടുകടത്തൽ നടപടികൾ നേരിടുന്നതായും അദ്ദേഹം അറിയിച്ചു.

അനധികൃത കുടിയേറ്റം തടയുന്നതും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കുന്നതുമാണ് തന്‍റെ സർക്കാരിന്‍റെ പ്രധാന മുൻഗണനകളെന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി വ്യക്തമാക്കി.

വേലി കെട്ടാൻ ഇനിയും ബാക്കിയുള്ള അഞ്ഞൂറ്റമ്പത്താറു കിലോമീറ്റർ അതിർത്തിയിൽ ഏകദേശം നൂറു കിലോമീറ്ററോളം വരുന്ന ഭാഗത്തെ വേലി നിർമാണത്തിനായി സംസ്ഥാന സർക്കാർ ഇതിനകം തന്നെ ഭൂമി ബിഎസ്എഫിന് കൈമാറിയിട്ടുണ്ടെന്നും വടക്കൻ ബംഗാളിലെ ചിക്കൻസ് നെക്ക് ഇടനാഴിക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴി. തന്‍റെ സർക്കാരിന്‍റെ നാടു കടത്തൽ നീക്കത്തെ എടുത്തു കാണിച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിന്‍റെ പരിധിയിൽ വരാത്ത അനധികൃത കുടിയേറ്റക്കാരെ കേന്ദ്ര സർക്കാർ ചട്ടങ്ങൾക്ക് അനുസൃതമായി നേരിട്ട് ബിഎസ്എഫിന് കൈമാറുന്നുണ്ടെന്ന് അധികാരി പറഞ്ഞു.

രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും മുൻ തൃണമൂൽ സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതായും പൊതു ചെലവിൽ അനധികൃത കുടിയേറ്റക്കാരെ സംസ്ഥാന സൗകര്യങ്ങളില്‍ തുടരാന്‍ അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും