എൽ നിനോ കാരണം ചായയ്ക്കു വില കൂടും! മൺസൂൺ ചതിക്കുമോ?
പസഫിക് സമുദ്രത്തിനു മുകളിലെ ഒരു കാലാവസ്ഥാ പ്രതിഭാസം മൂലം ചായയുടെ വില കൂടുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അൽപം ബുദ്ധിമുട്ടാണെങ്കിലും വിശ്വസിക്കേണ്ടി വരും. കാരണം വിദഗ്ധർ അത്തരമൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്. വരുന്ന ആഴ്ചകളിൽ എൽ നിനോ ശക്തമാകുകയും അതു മൂലം ഇന്ത്യയിലെ മൺസൂൺ ദുർബലമാകുകയും ചെയ്താൽ പാൽ വില വർധിക്കുമെന്നാണ് പ്രവചനം.
എൽ നിനോ മൂലം മൺസൂൺ കുറഞ്ഞാൽ വെള്ളക്ഷാമം ഉണ്ടാകും. അതാണ് പാലിനെയും പാലുത്പന്നങ്ങളെയും നേരിട്ട് ബാധിക്കുക. പച്ചപ്പുല്ലാണ് പശുക്കളുടെ പ്രധാന ഭക്ഷണം. മഴ കുറഞ്ഞാൽ പുല്ലിന്‍റെ അളവും കുറയും. അതോടെ കാലിത്തീറ്റയുടെ വിലയും കൂടും. പശുക്കളെ വളർത്താൻ കൂടുതൽ പണം വേണ്ടി വരുന്ന സാഹചര്യത്തിൽ പാൽ ഉത്പാദനം കുറയും. അപ്പോഴും പാലിനു വേണ്ടി ആവശ്യക്കാർ ധാരാളമുണ്ടായിരിക്കുകയും ചെയ്യും. അപ്പോൾ പിന്നെ വില കൂട്ടുക എന്നല്ലാതെ മറ്റെന്തു മാർഗം.
പ്രധാന പാൽ വിതരണ കമ്പനികളായ അമുൽ, മദർ ഡയറി, പരാഗ് മിൽക്, മിൽമ എന്നിവയെല്ലാം പാൽ വില മേയിൽ മൂന്ന് ശതമാനത്തോളം വർധിപ്പിച്ചിരുന്നു. മഴ കുറഞ്ഞാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വീണ്ടും വില കൂടിയേക്കാം എന്നാണ് നിരീക്ഷകർ പറയുന്നത്. പാലിനൊപ്പം തൈര്, പനീർ, നെയ്യ്, വെണ്ണ എന്നിവയുടെയും വില കൂടും.
പാൽ വില വർധിക്കുന്നത് ഒരു തുടക്കം മാത്രമായിരിക്കും. മൺസൂൺ ദുർബലമായാൽ ഭക്ഷ്യവസ്തുക്കളുടെയെല്ലാം വില കൂടുമെന്നും മുന്നറിയിപ്പുണ്ട്. പയർ വർഗങ്ങൾ, പച്ചകറികൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വിലയെയും എൽ നിനോ ബാധിക്കും. അതേ സമയം ആവശ്യത്തിന് കരുതൽ ശേഖരം ഉള്ളതിനാൽ അരി, ഗോതമ്പ് എന്നിവയുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല.