കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ
ന്യൂഡൽഹി: രാജ്യത്ത് നിലവിൽ 86,360 പോസ്റ്റ് ഗ്രാജുവേറ്റ് (പിജി) മെഡിക്കൽ സീറ്റുകളുണ്ടെന്നും എല്ലാ ഡിപ്ലോമ സീറ്റുകളും ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് (ഡിഎൻബി) പിജി സീറ്റുകളാക്കി മാറ്റാൻ നിലവിൽ നിർദേശമൊന്നുമില്ലെന്നും കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. കർണാടകയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പിജി മെഡിക്കൽ സീറ്റുകളുള്ളത്.
ലോക്സഭയിൽ ചോദ്യത്തിന് മറുപടി നൽകവെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ മെഡിക്കൽ കമ്മിഷനും (എൻഎംസി), നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസും (എൻബിഇഎംഎസ്) നൽകിയ വിവരങ്ങൾ പ്രകാരം രാജ്യത്താകെ 86,360 പിജി മെഡിക്കൽ സീറ്റുകളാണുള്ളത്.
ഈ വർഷം എല്ലാ ഡിഎൻബി ഡിപ്ലോമ സീറ്റുകളും പൂർണ പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റാൻ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, അത്തരമൊരു നിർദേശം പരിഗണനയിലില്ലെന്ന് നഡ്ഡ വ്യക്തമാക്കി. “എല്ലാ ഡിപ്ലോമ സീറ്റുകളും പൂർണ പിജി മെഡിക്കൽ ഡിഗ്രി (ഡിഎൻബി) സീറ്റുകളാക്കി മാറ്റാനുള്ള നിർദേശം എൻബിഇഎംഎസിന്‍റെ പരിഗണനയിലില്ല”- നഡ്ഡ പറഞ്ഞു.
പുതിയ പിജി മെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള കോഴ്സുകളിൽ സീറ്റുകൾ വർധിപ്പിക്കുന്നതിനുമായി പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് മിനിമം സ്റ്റാൻഡേർഡ്സ് റിക്വയർമെന്‍റ് എന്നിവയിലൂടെ എൻഎംസി നിയന്ത്രണ ചട്ടക്കൂട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ പിജി കോഴ്സുകൾ ആരംഭിക്കുന്നതിനോ സീറ്റുകൾ വർധിപ്പിക്കുന്നതിനോ മെഡിക്കൽ കോളെജുകളും സ്ഥാപനങ്ങളും സമർപ്പിക്കുന്ന അപേക്ഷകൾ എൻഎംസി പരിശോധിക്കും. അധ്യാപക സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ, ക്ലിനിക്കൽ സംവിധാനങ്ങൾ തുടങ്ങിയ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് സീറ്റുകൾ അനുവദിക്കുകയെന്നും നഡ്ഡ വ്യക്തമാക്കി.
സ്വകാര്യ മെഡിക്കൽ കോളേജുകളും ഡീംഡ് സർവകലാശാലകളും ഈടാക്കുന്ന ഫീസ് സംബന്ധിച്ച ചോദ്യത്തിന്, മെഡിക്കൽ കോഴ്സുകളുടെ ഫീസ് നിശ്ചയിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരിധിയിലാണെന്ന് നഡ്ഡ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെയും ഡീംഡ് സർവകലാശാലകളിലെയും 50 ശതമാനം സീറ്റുകളുടെ ഫീസും മറ്റ് ചാർജുകളും നിശ്ചയിക്കുന്നതിനായി എൻഎംസി 2022 ഫെബ്രുവരിയിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ മാർഗനിർദേശങ്ങൾ വിവിധ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ വിഷയം നിലവിൽ കോടതികളുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുസരിച്ച് പിജി ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളുടെ ഫീസ് വ്യത്യാസപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡിഎൻബി, ഡിആർഎൻബി, എഫ്എൻബി, ഡിപ്ലോമ തുടങ്ങിയ എൻബിഇഎംഎസ് കോഴ്സുകളുടെ ഫീസ് രാജ്യത്താകെ ഏകീകൃതമായി കേന്ദ്രതലത്തിൽ നിയന്ത്രിക്കുന്നതാണെന്നും വാർഷിക കോഴ്സ് ഫീസ് 1.25 ലക്ഷം രൂപയാണെന്നും നഡ്ഡ അറിയിച്ചു.
കർണാടകയിൽ 10,092 പിജി മെഡിക്കൽ സീറ്റുകൾ
സർക്കാർ പുറത്തുവിട്ട സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 10,092 പിജി മെഡിക്കൽ സീറ്റുകളുമായി കർണാടകയാണ് ഒന്നാമത്. ഇതിൽ 2,805 സീറ്റുകൾ സർക്കാർ സ്ഥാപനങ്ങളിലും 7,287 സീറ്റുകൾ സ്വകാര്യ കോളെജുകളിലുമാണ്. മഹാരാഷ്ട്ര 9,216 സീറ്റുകളുമായി രണ്ടാമതും (സർക്കാർ 4,277, സ്വകാര്യ 4,939). തമിഴ്നാട് 8,023 സീറ്റുകളുമായി മൂന്നാമതുമാണ് (സർക്കാർ 3,030, സ്വകാര്യ 4,993).
ഉത്തർപ്രദേശ് 7,437 (സർക്കാർ 3,568, സ്വകാര്യ 3,869), തെലങ്കാന 5,248 (സർക്കാർ 1,790, സ്വകാര്യ 3,458), രാജസ്ഥാൻ 5,025 (സർക്കാർ 2,969, സ്വകാര്യ 2,056), ആന്ധ്രപ്രദേശ് 4,782 (സർക്കാർ 2,303, സ്വകാര്യ 2,479), ഡൽഹി 4,729 (സർക്കാർ 3,448, സ്വകാര്യ 1,281) എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളിലെ പിജി മെഡിക്കൽ സീറ്റുകളുടെ എണ്ണം.