ജനന സർട്ടിഫിക്കറ്റ് വ്യാജം, "കുംഭമേള താര'ത്തിന് പ്രായമായില്ല: വിഎച്ച്പി
file photo
കൊച്ചി: ഹരിദ്വാർ കുംഭമേളയിൽ കുപ്പിവള വിറ്റ് സോഷ്യൽ മീഡിയയിൽ "മൊണാലിസ' എന്ന പേരിൽ വൈറലായ എന്ന പെൺകുട്ടിയും മുഹമ്മദ് ഫർമാൻ എന്ന വ്യക്തിയും വിവാഹം കഴിക്കാൻ കേരളത്തിലെത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി മിലിന്ദ് എസ്. പരാണ്ഡെയും സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിലും ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
'കേരളത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാര്‍ തയാറാകണം. കേരളത്തിലും നിർബന്ധിത മതപരിവർത്തന നിരോധന നിയമം നടപ്പാക്കണം. പെൺകുട്ടി മധ്യപ്രദേശ് സ്വദേശിയാണ്. യുവാവ് ഉത്തർപ്രദേശ് സ്വദേശിയും. ഈ രണ്ടു സംസ്ഥാനങ്ങളിലും വച്ച് വിവാഹം കഴിക്കാതെ എന്തിനാണ് ഇവർ കേരളത്തിലേക്കു വന്നത്. കേരളത്തിൽ "ലവ് ജിഹാദും' മതപരിവർത്തനവും വർധിച്ചുവരികയാണ്.
കേരളത്തിൽ ലവ് ജിഹാദ് സജീവമായി ഉണ്ടെന്ന് മിലിന്ദ് പരാണ്ഡെ പറഞ്ഞു. ഇവിടെ ഏറ്റവും വലിയ പ്രശനവും അതുതന്നെ. ലവ് ജിഹാദ് ഇരകളുടെ വിവരമുണ്ടോ എന്ന ചോദ്യത്തിന്, എല്ലാവരുടെയും വിവരങ്ങൾ കൈവശമുണ്ടെന്നും സ്വകാര്യത കണക്കിലെടുത്ത് അതു പുറത്തുവിടില്ലെന്നും അദ്ദേഹം മറുപടി നൽകി.
മധ്യപ്രദേശിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഈ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഇക്കാര്യം ദേശീയ പട്ടികവർഗ കമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജ രേഖകൾ സമർപ്പിച്ച് നേടിയ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ തന്നെ റദ്ദാക്കി. എങ്ങനെയാണ് വിവാഹം നടന്ന ക്ഷേത്രത്തിൽ ഇവർ എത്തിയതെന്ന് അന്വേഷിക്കണം.അവിടെ മുമ്പും വ്യത്യസ്ത മതവിഭാഗക്കാർ തമ്മിലുള്ള വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഒരു ജാതി ഒരു മതം എന്ന ശ്രീനാരായണ ഗുരുവിന്‍റെ വാക്യം എന്തോ വലിയ സംഭവം ആണെന്നു പറഞ്ഞാണ് ഈ വിവാഹം നടത്തിയത്. അതിനു പിന്നിൽ പ്രവർത്തിച്ച ചില ശക്തികളുണ്ട്. ആ സംഭവത്തിൽ ആദ്യ പരാതി കൊടുത്തത് താനാണെന്ന് അനിൽ വിളയിൽ പറഞ്ഞു.
വിഷു ദിനത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്‍റെ ചിത്രത്തോടൊപ്പം മാംസാഹാരം പ്രദർശിപ്പിച്ച് പരസ്യം നൽകിയ ഹോട്ടൽ ഉടമയുടെ നടപടി മനഃപൂർവമുള്ള പ്രകോപനമാണ്. ആ കുഴിമന്തി കടയുടെ വിഷു പരസ്യം അസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ്. അതിനെതിരേ പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്ത സർക്കാർ നടപടി പിൻവലിക്കണം. കുറ്റക്കാരായ കടയുടമകൾക്കെതിരേ കർശന നടപടി വേണം- ഇരുവരും ആവശ്യപ്പെട്ടു.