ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതും സൂക്ഷിക്കുന്നതും നിയമം മൂലം നിരോധിക്കാൻ UIDAI ആലോചിക്കുന്നു.
representative image
ന്യൂഡൽഹി: ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതും സൂക്ഷിക്കുന്നതും നിയമം മൂലം നിരോധിക്കാൻ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (UIDAI) ആലോചിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റുകൾ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുകയും, പകരം ഡിജിറ്റൽ വെരിഫിക്കേഷൻ നടപ്പാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ക്യുആർ കോഡ് സ്കാൻ ചെയ്തോ, ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെരിഫിക്കേഷൻ നടത്താൻ സാധിക്കും. ഇതുവഴി കടലാസിലുള്ള ആധാർ കോപ്പി പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം.
ഹോട്ടൽ റൂമെടുക്കുന്നതു പോലെയുള്ള സ്വകാര്യ ആവശ്യങ്ങൾ മുതൽ സർക്കാർ കാര്യങ്ങൾക്കു വരെ ആധാർ കാർഡിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആവശ്യപ്പെടുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ, ഇത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്നും, ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. മറ്റുള്ളവരുടെ ആധാർ നമ്പറുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നതായും സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.