മുൻ വൈരാഗ്യം; വിചാരണ തടവുകാരനെ സഹതടവുകാർ കഴുത്തു ഞെരിച്ച് കൊന്നു
ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയുടെ ലോക്കപ്പിൽ കൊലപാതകം. വിചാരണ തടവുകാരനെ ഒപ്പമുണ്ടായിരുന്ന 2 തടവുകാർ ചേർന്ന് കഴുത്തു ഞെരിച്ച് കൊന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
അമൻ എന്ന തടവു പുള്ളിയാണ് കൊല്ലപ്പെട്ടത്. അമനും കൊലപാതകിയായ ജിതേന്ദറും തമ്മിൽ മുൻപു തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ജിതേന്ദറിനെയും സഹോദരനെയും അമൻ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ഈ വൈരാഗ്യമാണ് അമനെ കൊലപ്പെടുത്താൻ കാരണം.
ലോക്കപ്പിൽ വച്ച് വാക്കു തർക്കമുണ്ടായതോടെ ജിതേന്ദറും മറ്റൊരു തടവുകാരനായ ജയ്ദേവും ചേർന്ന് അമനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.