ബംഗളൂരു: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കന്നഡ നടൻ ധ്രുവന്‍റെ വലതുകാൽ മുറിച്ചുമാറ്റി. ജീവൻ രക്ഷിക്കാൻ ഇത് അനിവാര്യമായിരുന്നു എന്ന് ഡോക്റ്റർമാർ.
റൈഡിങ് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇരുപത്തിനാലുകാരൻ തന്‍റെ ബൈക്കുകളുടെ ചിത്രങ്ങൾ പതിവായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
മൈസൂരു - ഗുണ്ട്‌ലുപെർ ഹൈവേയിൽ ട്രാക്റ്ററിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഉടൻ തന്നെ മൈസൂരുവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ പരുക്കിന്‍റെ തീവ്രതയും അണുബാധയും കണക്കിലെടുത്താണ് മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നത്.
കന്നഡ സൂപ്പർതാരമായിരുന്ന രാജ്‌കുമാറിന്‍റെ ഭാര്യ പർവതമ്മയുടെ സഹോദരന്‍റെ മകനാണ് ധ്രുവൻ. സിനിമയിലെത്തിയപ്പോഴാണ് സൂരജ് കുമാർ എന്ന പേര് ധ്രുവൻ എന്നു മാറ്റിയത്.
മലയാളി താരം പ്രിയ പ്രകാശ് വാര്യർ നായികയാകുന്ന ചിത്രത്തിലാണ് ധ്രുവൻ അവസാനം അഭിനയിച്ചുകൊണ്ടിരുന്നത്.