പാർക്കിങ്ങിനെ ചൊല്ലി തർക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്ന 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി: പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബോളിവുഡ് നടി ഹുമ ഖുരേഷിയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ആസിഫ് ഖുറേഷി (42) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഡൽഹിയിലെ നിസാമുദീൻ പ്രദേശത്തായിരുന്നു സംഭവം. തന്‍റെ വീടിന്‍റെ പ്രധാന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം മാറ്റി പാർക്ക് ചെയ്യാൻ 2 യുവാക്കളോടെ പറഞ്ഞതാണ് കൊലപാതകത്തിന് കാരണം. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം വഷളായതോടെ അവിടം വിട്ട രണ്ട് പേരും തിരികെ എത്തി ആസിഫിനെ കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആസിഫിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ഡൽഹിയിൽ ചിക്കൻ ബിസിനസ് ചെയ്യുന്ന ആളാണ്. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.