ഐഐടി കാൺപൂർ

 
India

അഡ്മിഷൻ നിഷേധിച്ചു; ഐഐടി കാൺപൂരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർഥി

ഹാക്ക് ചെയ്തത് തന്‍റെ സാങ്കേതിക മികവായി കണ്ട് തനിക്ക് കോഴ്സിൽ ചേരാൻ ഒരു അവസരം കൂടി നൽകണമെന്നും നിയമ നടപടികൾ സ്വീകരിക്കരുതെന്നുമാണ് വിദ്യാർഥിയുടെ ആവശ്യം

Sarath Nath MS

കാൺപൂർ: കോഴ്സിന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിന്‍റെയും ഐഐടി മദ്രാസിന്‍റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് വിദ്യാർഥി. ഹാക്ക് ചെയ്തത് തന്‍റെ സാങ്കേതിക മികവായി കണ്ട് തനിക്ക് കോഴ്സിൽ ചേരാൻ ഒരു അവസരം കൂടി നൽകണമെന്നും നിയമ നടപടികൾ സ്വീകരിക്കരുതെന്നുമാണ് വിദ്യാർഥിയുടെ ആവശ്യം.

'സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എനിക്ക് വേണ്ടത് ഒരു ചാൻസ് കൂടിയാണ്' എന്ന സന്ദേശം ഐഐടി കാൺപൂരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം സൈറ്റിൽ വിദ്യാർഥി പോസ്റ്റ് ചെയ്തു. പുതുതായി ആരംഭിച്ച ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി കോഴ്സിലേക്കാണ് വിദ്യാർഥി പ്രവേശനത്തിനായി അപേക്ഷിച്ചത്. എന്നാൽ നിരസിക്കപ്പെട്ടു. വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം വിദ്യാർഥി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. തുടർന്ന് ഹാക്ക് ചെയ്തതിന്‍റെ സ്ക്രീൻ ഷോട്ടുകൾ എക്സിലൂടെയും റെഡ്ഡിറ്റിലൂടെയും പങ്കുവയ്ക്കുകയും ചെയ്തു.

താൻ ആപ്ലിക്കേഷൻ നടപടികൾ പൂർത്തിയാക്കുകയും ഫീസ് അടയ്ക്കുകയും എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയും ചെയ്തെങ്കിലും പ്രവേശന നടപടികളുടെ ഭാഗമായ ഹാക്കത്തോണിലേക്ക് തനിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് വിദ്യാർഥി പറയുന്നു. അതേസമയം വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ട വിവരം ഐഐടി കാൺപൂർ ഡയറക്റ്റർ മന്ദിര അഗർവാൾ സ്ഥിരീകരിച്ചു. സൈബർ സെക്യൂരിറ്റിയിൽ മുൻപരിചയം ഇല്ലാത്തതിനാലാണ് വിദ്യാർഥിയെ ഷോർട്ട് ലിസ്റ്റ് ചെയ്യാത്തതെന്ന് അഗർവാൾ പറഞ്ഞു. എന്നാൽ വിദ്യാർഥിയുടെ സാങ്കേതിക കഴിവ് പരിശോധിക്കാൻ സമഗ്രമായ പരീക്ഷയ്ക്ക് ക്ഷണിക്കുമെന്നും അതിൽ വിജയിച്ചാൽ അടുത്ത അധ്യയനവർഷം അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈറ്റുകളിൽ അനധികൃതമായി പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെന്നും ഭാവിയിൽ ആവർത്തിക്കരുതെന്നും വിദ്യാർഥിയെ ബോധ്യപ്പെടുത്താൻ മുതിർന്ന അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് ഐഐടി കാൺപൂർ അധികൃതർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ വിദ്യാർഥിയുടെ അവകാശവാദം പരിഗണിച്ച് സാങ്കേതിക കഴിവുകൾ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു