സോപ്പ് പൊടി കലർത്തിയ വ്യാജ പാൽ, കൊഴുപ്പിന് പാം ഓയിലും; മഹാരാഷ്ട്രയിൽ പരിശോധന

 
India

സോപ്പ് പൊടി കലർത്തിയ വ്യാജ പാൽ, കൊഴുപ്പിന് പാം ഓയിലും; മഹാരാഷ്ട്രയിൽ പരിശോധന

ഏ‌കദേശം 2,30,470 കിലോഗ്രാം നിലവാരം കുറഞ്ഞ പൊടിയാണ് പാൽ ആക്കി മാറ്റിയിരിക്കുന്നത്.

നീതു ചന്ദ്രൻ

മുംബൈ: മഹാരാഷ്ട്രയിലെ വിപണിയിൽ വൻ തോതിൽ വ്യാജപാൽ എത്തിയിട്ടുള്ളതായി റിപ്പോർട്ട്. പൊലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മായം കലർത്തിയ പാൽ വിപണിയിൽ എത്തിയിട്ടുള്ളതായി കണ്ടെത്തിയത്. മഹാരാഷ്ട്ര‍യിലെ ഭൂം താലൂക്കിലുള്ള ധാരാശിവ് ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ആറു മാസമായി നിലവാരം കുറഞ്ഞ പാൽ പൊടി കലർത്തിയുണ്ടാക്കിയ പാൽ മഹാരാഷ്ട്ര വിപണിയിൽ വിൽപ്പന നടത്തി വരുന്നതായാണ് കണ്ടെത്തിയത്. ഏ‌കദേശം 2,30,470 കിലോഗ്രാം നിലവാരം കുറഞ്ഞ പൊടിയാണ് പാൽ ആക്കി മാറ്റിയിരിക്കുന്നത്. ഇതുപയോഗിച്ച് 23,04,070 ലിറ്റർ വ്യാജ പാൽ ഉണ്ടാക്കി വിപണിയിൽ എത്തിച്ചിട്ടുണ്ട്. അതു വഴി ഒമ്പത് കോടി ഇരുപത്തൊന്ന് ലക്ഷത്തി അറുപത്തിരണ്ടായിരത്തി എണ്ണൂറ് രൂപയാണ് പ്രതികൾ ഈടാക്കിയത്.

നൂറ് ലിറ്റർ വരുന്ന ശുദ്ധമായ പാലിൽ പത്ത് ശതമാനം വ്യാജപാൽ ചേർത്താണ് പ്രതികൾ പാൽ വിൽപ്പന നടത്തിയിരിക്കുന്നത്. ഭൂം മേഖലയിലെ പാൽ സംഭരണ കേന്ദ്രം വഴിയാണ് പാൽ വിൽപ്പനക്കെത്തിയിച്ചിരിക്കുന്നത്.

പാലിന്‍റെ കൊഴുപ്പ് ഉറപ്പു വരുത്തുന്നതിനായി സോപ്പു പൊടിയും പാം ഓയിലും നിലവാരം കുറഞ്ഞ രാസ വസ്തുക്കളും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഏഴ് പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിപണിയിൽ എത്തിച്ചിരിക്കുന്ന വ്യാജപാൽ പിടിച്ചെടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇത്തരത്തിൽ രാസവസ്തുക്കൾ ചേർത്തിട്ടുള്ള പാൽ നിരന്തരമായി കുടിച്ചാൽ കരൾ, വൃക്ക, ആമാശയം എന്നിവയ്ക്ക് അസുഖം ബാധിക്കുമെന്നും കുട്ടികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കുംമ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്!

വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ; 'ചരിത്രം കുറിച്ച്' ആർ. സുഗതൻ

''മൊജ്തബ ഖമനേയി 90 ശതമാനം ഇല്ലാതായി''; ഇറാന്‍റെ സൈനിക നേതൃത്വം തകർന്നുവെന്ന് ട്രംപ്

തൊപ്പി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നു? ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനൊരുങ്ങി പൊലീസ്

കഴിക്കുന്ന ഭക്ഷണത്തിനടക്കം കണക്ക്, അടുക്കളയിൽ വിലക്ക്; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരേ പരാതി