അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന് എയര്‍ ഇന്ത്യ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്‍റെ പിതാവ്. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പുഷ്കരാജ് സബർവാൾ പറഞ്ഞു. ഇതോടെ എയര്‍ ഇന്ത്യ വിമാനാപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) മേധാവി ജി.വി.ജി. യുഗാന്ദര്‍ വ്യോമയാന സെക്രട്ടറിയെ കാണും.
ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ എഐ 171 വിമാനത്തിലെ രണ്ട് പൈലറ്റുമാരില്‍ ഒരാളായിരുന്നു സുമീത് സബര്‍വാള്‍. അപകടത്തെ കുറിച്ച് ഔപചാരിക അന്വേഷണത്തിന് ഉത്തരവിടണമെന്നു സുമീതിന്‍റെ പിതാവ് പുഷ്‌കരാജ് സബര്‍വാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അപകടത്തെ കുറച്ചുള്ള പ്രാഥമിക അന്വേഷണത്തിലെ ഏതാനും വിവരങ്ങള്‍ ചോര്‍ന്നത് തന്‍റെ മകന്‍റെ പേരിന് അന്യായമായി കളങ്കം വരുത്താന്‍ കാരണമായെന്ന് അദ്ദേഹം ആരോപിച്ചു.
ജൂലൈ 13നാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിമാനം ടേക്ക് ഓഫ് നടത്തിയതിനു ശേഷം രണ്ട് എന്‍ജിനുകളുടെയും ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.