ഗുജറാത്ത് വിമാനാപകടം: ഹോസ്റ്റല്‍ പരിസരത്തു നിന്നും 21 മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ 270
ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്നു വീണ മെഡിക്കല്‍ കോളെജ് ഹോസ്റ്റൽ പരിസരത്തു നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരണം. ഇതിൽ 9 പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണ്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 32 പേരിൽ 16 പേർ വിദ്യാര്‍ഥികളായിരുന്നുവെന്നും, അവരില്‍ 12 പേരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ചികിത്സയില്‍ കഴിയുന്നവരില്‍, വിമാനത്തിൽനിന്നു രക്ഷപെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നതായി ശനിയാഴ്ച അധികൃതർ അറിയിച്ചു. മരിച്ചവരില്‍ വിമാനത്തിലെ യാത്രക്കാര്‍, ജീവനക്കാര്‍, പ്രദേശവാസികള്‍ എന്നിവരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ 230 യാത്രക്കാർ, 2 പൈലറ്റുമാർ, 10 ക്രൂ ഉൾപ്പടെ 242 പേരായിരുന്നു ഉണ്ടായിരുന്നത്.
മരിച്ചവരുടെ പട്ടികയിൽ ബിജെ മെഡിക്കൽ കോളെജ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന 10 ഡോക്റ്റർമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുമെന്നാണ് വിവരം. അപകടത്തില്‍ കാണാതായവർക്കായുള്ള തെരച്ചിൽ എൻഡിആർഎഫ് നേതൃത്വത്തിൽ തുടരുകയാണ്.