പങ്കാളിക്ക് സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പങ്കാളിക്ക് സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ വിധി. വിവാഹമോചനമുണ്ടാകുന്ന സന്ദർഭങ്ങളിൽ സാമൂഹിത നീതിക്കു വേണ്ടിയാണ് ജീവനാംശം നൽകുന്നതെന്നും കാര്യപ്രാപ്തിയുള്ള രണ്ട് വ്യക്തികളുടെ സാമ്പത്തിക നില തുല്യമാക്കാനല്ലെന്നും കോടതി പരാമർശിച്ചു. ജസ്റ്റിസ്മാരായ ഹരീഷ് വൈദ്യനാഥൻ ശങ്കർ, അനിൽ ക്ഷേത്രപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. വിവാഹമോചനം നേടിയ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഓഫിസറായ സ്ത്രീക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന കുടുംബക്കോടതി വിധി ശരി വച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.
അഭിഭാഷകനായ ഭർത്താവിൽ നിന്നും 50 ലക്ഷം രൂപയാണ് ഇവർ ജീവനാംശമായി ആവശ്യപ്പെട്ടിരുന്നത്. 2010 ൽ വിവാഹം കഴിച്ച ഇരുവരും 14 മാസങ്ങൾക്കുള്ളിൽ തന്നെ വേർപിരിഞ്ഞു.
ഭാര്യ തന്നോട് മാനസികവും ശാരീരികവുമായി ക്രൂരത കാണിച്ചുവെന്നും അസഭ്യപ്രയോഗം നടത്തിയെന്നും അപമാനിക്കും വിധമുള്ള സന്ദേശങ്ങൾ അയച്ചുവെന്നും തൊഴിൽ, സാമൂഹിക മേഖലകളിൽ മോശക്കാരനാക്കാൻ ശ്രമിച്ചുവെന്നുമാണ് വിവാഹമോചനത്തിനായി അഭിഭാഷകൻ മുന്നോട്ടു വച്ചിരുന്ന ആരോപണങ്ങൾ. ഭാര്യ ഇതെല്ലാം തള്ളിക്കൊണ്ടു തന്നെ ഭർത്താവ് തന്നോട് ക്രൂരമായി പെരുമാറിയതായി ആരോപിച്ചിരുന്നു.