അതിഷി മർലേന 
India

ആദ്യ ദിനം തന്നെ ബിജെപി സർക്കാർ വാഗ്ദാന ലംഘനം നടത്തിയെന്ന ആരോപണവുമായി അതിഷി

ബിജെപി സർക്കാർ ജനങ്ങളെ വഞ്ചിക്കാൻ ആരംഭിച്ചു കഴിഞ്ഞുവെന്ന് അതിഷി ആരോപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ അധികാരത്തിലെത്തി ആദ്യ ദിനങ്ങളിൽ തന്നെ ബിജെപി സർക്കാർ വാഗ്ദാന ലംഘനം നടത്തിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അതിഷി. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആദ്യ യോഗത്തിൽ രണ്ട് അജണ്ടകളാണ് പാസാക്കിയത്. അതിൽ ആദ്യ ദിനം പാസാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്ന ഡൽഹിയിലെ സ്ത്രീകൾക്ക് 2,500 രൂപ സാമ്പത്തിക സഹായം നൽകുമെന്നുള്ള നിർദേശം ഉൾപ്പെടുത്തിയിട്ടില്ലെന്ന് അതിഷി ചൂണ്ടിക്കാട്ടി.

ബിജെപി ജനങ്ങളെ വഞ്ചിക്കാൻ ആരംഭിച്ചു കഴിഞ്ഞുവെന്ന് അതിഷി ആരോപിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഡൽഹിയിലെ സ്ത്രീകൾക്ക് 2,500 രൂപ ലഭിക്കുന്ന പദ്ധതി പാസാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവരത് മനഃപൂർവം വിട്ടുകളഞ്ഞെന്നും അതിഷി കുറ്റപ്പെടുത്തി.

അതേസമയം, തന്‍റെ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഡൽഹി സർക്കാർ ദേശീയ തലസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

ആയുഷ്മാൻ ഭാരതിന് കീഴിൽ, ഓരോ ഗുണഭോക്താവിനും ആകെ ₹10 ലക്ഷം ആരോഗ്യ പരിരക്ഷ നൽകും, കേന്ദ്രവും ഡൽഹി സർക്കാർ ഇതിനായി ₹5 ലക്ഷം വീതം സംഭാവന ചെയ്യും. പുതുതായി രൂപീകരിച്ച എട്ടാമത്തെ ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ, മുൻ ഭരണകൂടത്തിന്‍റെ പ്രകടനത്തെക്കുറിച്ചുള്ള 14 കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടുകൾ സർക്കാർ മേശപ്പുറത്ത് വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആം ആദ്മി പാർട്ടി അധികാരത്തിലിരുന്നപ്പോൾ സിഎജി റിപ്പോർട്ടുകൾ തടഞ്ഞിരുന്നു.

എഎപിയുടെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് "ഇത് നമ്മുടെ സർക്കാരാണ്. അജണ്ട നമ്മുടേതായിരിക്കും. നമുക്ക് പ്രവർത്തിക്കാം. അവർ എല്ലാം ഞങ്ങളോട് പറയേണ്ടതില്ല. അധികാരത്തിലിരിക്കുമ്പോൾ അവർ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്." എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

കോട്ടയം നഗരത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്