ആർത്തവ അവധി നിർബന്ധമാക്കി കർണാടക; ഹൈക്കോടതിയെ സമീപിച്ച് ഹോട്ടൽസ് അസോസിയേഷൻ
ബംഗളൂരു: വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരേ കർണാടകയിൽ പ്രതിഷേധം.ബംഗളൂരു ഹോട്ടൽസ് അസോസിയേശൻ (ബിഎച്ച്എ) ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നവംബർ 12ന് സംസ്ഥാന തൊഴിൽ വകുപ്പ് 1948ലെ വിവിധ വകുപ്പുകൾ പ്രകാരം എല്ലാ മേഖലയിലും ജോലി ചെയ്യുന്ന സ്ഥിരം, കരാർ തൊഴിലാളികളായ സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാണെന്ന് ഉത്തരവിറക്കിയത്. മാസം ഒരു അവധി എന്ന രീതിയിൽ വർഷം 12 അവധികൾ നൽകണമെന്നും ഉത്തരവിലുണ്ട്.
എന്നാൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സർക്കാർ ഈ രീതിയിൽ അവധി നൽകുന്നില്ലെന്നാണ് ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ വാദിക്കുന്നത്.ജസ്റ്റിസ് ജ്യോതി മൂലിമണിയുടെ ബെഞ്ചായിരിക്കും ഹർജിയിൽ വാദം കേൾക്കുക.