ഡൽഹിക്ക് പിന്നാലെ ബംഗളൂരുവിലെ 40 ഓളം സ്കൂളുകൾക്കും ബോംബ് ഭീഷണി
ബംഗളൂരു: ഡൽഹിയിലെ അൻപതോളം സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയതിനു പിന്നാലെ ബംഗളൂരുവിലെ സ്കൂളൂകളിലും ബോംബ് ഭീഷണി. ബംഗളൂരുവിലെ 40 ഓളം സ്വകാര്യ സ്കൂളുകളിലേക്കാണ് വെള്ളിയാഴ്ച ബോംബ് ഭീഷണി സന്ദേശമെത്തിയത്.
ബെംഗളൂരു സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ സ്കൂളുകളിൽ കർശന പരിശോധന നടത്തുകയാണ്. roadkill 333@atomicmail.io എന്ന ഇമെയിൽ ഐടിയിൽ നിന്നും 'സ്കൂളുകളിൽ ബോംബ് വച്ചിരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് സന്ദേശം എത്തിയത്.
സ്കൂളുകളിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് എന്ത് സംഭവിക്കുമെന്ന് അക്രമാസക്തമായ ഭാഷയിൽ വിവരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
അതേസമയം, ഡൽഹിയിൽ 50 ഓളം അധികം സ്കൂളുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പൊലീസും മറ്റു സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഈ ആഴ്ചയിൽ തുടർച്ചയായ നാലാമത്തെ ദിവസമാണ് തലസ്ഥാനത്ത് ബോംബ് ഭീഷണി മൂലം വിദ്യാലയങ്ങൾ പ്രതിസന്ധിയിലാകുന്നത്.