മേൽപ്പാലം
ജബൽപുർ: മധ്യപ്രദേശിലെ വിവാദമായ പാലം 90 ഡിഗ്രിയിലല്ല ആകൃതി 118-119 ഡിഗ്രീ വളവോടു കൂടിയ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നതെന്ന് വിദഗ്ധൻ. ഭോപ്പാലിലെ മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രൊഫസറാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
90 ഡിഗ്രി വളവിൽ നിർമിച്ചിരിക്കുന്ന പാലം വിവാദമായി മാറിയതോടെ മധ്യപ്രദേശ് സർക്കാർ പാലം നിർമിച്ച കമ്പനിയായ പുനീത് ഛദ്ദയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കോടതി വിദഗ്ധന്‍റെ അഭിപ്രായം ആരാഞ്ഞത്. സംസ്ഥാന സർക്കാരും റെയിൽവേയും തമ്മിൽ സഹകരണത്തിലുണ്ടായ വീഴ്ചയാണ് പ്രശ്നമെന്നും വിഷയം പഠിക്കാനായി നിർമിച്ച അഞ്ചംഗ കമ്മിറ്റി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കമ്പനിക്കെതിരേയുള്ള നടപടിയിൽ തീരുമാനമെടുക്കുന്നതിനായി മധ്യപ്രദേശ് സർക്കാരിന് സമയം നൽകിയിരിക്കുകയാണിപ്പോൾ കോടതി. കേസ് വീണ്ടും 17ന് പരിഗണിക്കും.
18 കോടി രൂപ ചെലവഴിച്ചാണ് മഹാമയ് കാ ബാഗ്, പുഷ്പ നഗറുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലം നിർമിക്കുന്നത്. 3 ലക്ഷം വരുന്ന യാത്രക്കാർക്ക് മേൽപ്പാലം പ്രയോജനപ്രദമാകുമെന്നായിരുന്നു പ്രതീക്ഷ.