നീറ്റ് പുനപരീക്ഷയ്ക്ക് ക്രമക്കേട്
പട്‌ന: ബിഹാറിലെ വിവിധയിടങ്ങളില്‍ നീറ്റ് പുനപരീക്ഷയ്ക്ക് ക്രമക്കേട് നടത്താന്‍ വ്യാപക ശ്രമം. ആള്‍മാറാട്ടം നടത്തിയ ഒമ്പതു പേരടക്കം 30 ആളുകളെ പൊലീസ് അറസ്റ്റുചെയ്തു.
വിവിധ ജില്ലകളില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്കിസരായിയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലാണ് തട്ടിപ്പ് നടന്നത്. ആള്‍മാറാട്ടം നടത്തിയ ഒമ്പതു പേര്‍ക്ക് പുറമെ അറസ്റ്റിലായ 21 പേര്‍ ക്രമക്കേടുമായി ബന്ധമുള്ളവരാണ്. അറസ്റ്റിലായവരെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രഭാകര്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ചോദ്യംചെയ്യുകയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിവിധയിടങ്ങളില്‍ പൊലീസിന്റെ പ്രത്യേക സംഘങ്ങള്‍ റെയ്ഡ് നടത്തുകയാണ്. ജില്ലാ കലക്റ്റര്‍ ശൈലേന്ദ്ര കുമാര്‍, പൊലീസ് മേധാവി പ്രേരണ കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.