ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പറ്റ്ന: ബിഹാറിലെ സർക്കാർ നിയമനങ്ങളിൽ 35 ശതമാനം വനിതാ സംവരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിഹാറിൽ സ്ഥിരതാമസക്കാരായ വനിതകൾക്കാണ് ആനുകൂല്യം. എല്ലാ തസ്തികകളിലും സംവരണം ബാധകമെന്നു മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് എൻഡിഎ സർക്കാരിന്‍റെ പ്രഖ്യാപനം. പൊതു സേവന വിഭാഗത്തിൽ എല്ലാ തലത്തിലും വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു നിതീഷ്. തൊഴിൽ ശക്തിയിലേക്കു കൂടുതൽ സ്ത്രീകളുടെ സാന്നിധ്യവും ഭരണതലത്തിൽ അവർക്കു വിപുലമായ ചുമതലകളും ഈ തീരുമാനത്തിലൂടെ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി.
ബിഹാർ യൂത്ത് കമ്മിഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്ഥാനത്ത് യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും അവരെ പരിശീലിപ്പിക്കാനും ശാക്തീകരിക്കാനുമാണു കമ്മിഷനെന്നും മുഖ്യമന്ത്രി. കമ്മിഷന് ഒരു അധ്യക്ഷനും രണ്ട് ഉപാധ്യക്ഷരും ഏഴ് അംഗങ്ങളും കാണും. എല്ലാവർക്കും 45 വയസിൽ താഴെ പ്രായം.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ നാട്ടുകാരായ യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്നതിനും അതിനുള്ള വൈദഗ്ധ്യം നൽകുന്നതിനും കമ്മിഷൻ മുൻഗണന നൽകുമെന്നു നിതീഷ് പറഞ്ഞു. കൂടാതെ ലഹരിവിമുക്ത പ്രവർത്തനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കും.
സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ 50 ശതമാനത്തിലേറെ വരുന്ന സ്ത്രീ, യുവ വോട്ടർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് നിതീഷ് സർക്കാരിന്‍റെ നീക്കം.