കുത്ത ബാബുവിന്‍റെയും കുത്തിയ ദേവിയുടെയും മകൻ 'ഡോഗ് ബാബു'; നായയ്ക്ക് റസിഡൻസ് സർട്ടിഫിക്കറ്റ് നൽകി ബിഹാർ!!
പറ്റ്ന: ബിഹാറിൽ വിവാദമായി ഒരു റസിഡൻസ് സർട്ടിഫിക്കറ്റ്. ഒരു നായയ്ക്കാണ് റസിഡൻസ് സർഫിക്കറ്റ് ലഭിച്ചത്. 2025 ജൂലൈ 24 ന് റവന്യൂ ഓഫിസർ മുരാരി ചൗഹാൻ ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റ് ആർടിപിഎസ് പോർട്ടലിൽ നിന്നാണ് പുറത്തു വന്നിരിക്കുന്നത്. നായയുടെ പേര്, ചിത്രം, മേൽവിലാസം തുടങ്ങി എല്ലാ വിവരങ്ങളും സർട്ടിഫിക്കറ്റിലുണ്ട്.
നായയുടെ പേര് ഡോഗ് ബാബു, പിതാവ് കുത്ത ബാബു, മാതാവ് കുത്തിയ ദേവി. മൊഹല്ല കൗലിചൗക്, വാർഡ് നമ്പർ 15, നഗർ പരിഷത്ത് മസൗരി എന്ന വിലാസവും നൽകിയിട്ടുണ്ട്.
കാണുമ്പോൾ കൗതുകയും താമാശയുമായി തോന്നാമെങ്കിലും ഇത് ബിഹാറിലെ പൊതുസേവന സംവിധാനത്തിന്‍റെ വീഴ്ചയെ ചൂണ്ടിക്കാട്ടുന്നത് കൂടിയാണ്. സംഭവം പുറത്തു വന്നതിനു പിന്നാലെ വിവിധ കോണുകളിൽ നിന്നും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.
സംഭവം വിവാദമായതിനു പിന്നാലെ ആർടിപിഎസ് പോർട്ടലിൽ നിന്നു സർട്ടിഫിക്കറ്റ് നീക്കം ചെയ്തു. റവന്യൂ ഓഫിസറുടെ ഡിജിറ്റൽ ഒപ്പും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, റദ്ദാക്കിയ റസിജൻസ് സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് ഇപ്പോഴും സെർവറിൽ ലഭ്യമാണ്.
സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണെന്ന് സർക്കിൾ ഇൻസ്പെക്‌ടർ അറിയിച്ചു. കേസിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഉദ്യോഗസ്ഥർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്.