''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി
file image
ന്യൂഡൽഹി: ബിഹാറിൽ തീവ്ര പരിഷ്ക്കരണത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുനപരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ഇതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന 11 രേഖകളിൽ ഒന്നോ ആധാർ കാർഡോ പരിഗണിക്കണമെന്നും മുഴുവൻ പ്രക്രിയയും വോട്ടർ സൗഹൃദപരമായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിലെ വോട്ടർ പട്ടികകൾ തെരഞ്ഞെടുപ്പു കമ്മിഷൻ പരിഷ്കരിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട പൗരന്മാരെ പാർട്ടികൾ സഹായിക്കണം. ഫോമുകൾ സമർപ്പിക്കുന്നതിന് അതാത് ബൂത്തുകളിലെ ആളുകളെ സഹായിക്കാൻ ബൂത്ത് ഏജന്‍റുമാർക്ക് നിർദേശം നൽകണമെന്നും രാഷ്ട്രീയ പാർട്ടികളോട് കോടതി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 18 ന്, എസ്‌ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം പേരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചിരുന്നു.