ഇന്ത്യന്‍ പാര്‍ലിമെന്റ്‌

 
India

കേസില്‍പ്പെട്ട് 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെടുന്ന ബില്‍; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും

MV Desk

ന്യൂഡൽഹി: അഴിമതിയുൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്കു പദവി നഷ്ടപ്പെടാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ പരിഗണിച്ചേക്കും. കഴിഞ്ഞ വർഷം ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനെത്തുടർന്നു സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. സമിതി ഈ മാസം 17ന് റിപ്പോർട്ട് നൽകിയേക്കും. 21ന് വർഷകാല സമ്മേളനം തുടങ്ങുമെന്നാണു സൂചന.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പദവിയിൽ നിന്നു സ്വയമേ നീക്കം ചെയ്യണമെന്ന ബില്ലിലെ വ്യവസ്ഥയോടാണു പ്രതിപക്ഷത്തിന് എതിർപ്പ്. എന്നാൽ, ഈ നിർദേശം റിപ്പോർട്ടിൽ നിലനിർത്തിയേക്കുമെന്നാണു വിവരം.

കഴിഞ്ഞ വർഷം വർഷകാല സമ്മേളനത്തിലാണ് 130ാം ഭരണഘടനാ ഭേദഗതി ബില്ലായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് അവതരിപ്പിച്ചത്. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ ജെപിസിയുടെ പരിഗണനയ്ക്കു വിട്ടു. എന്നാൽ, എൻഡിഎയ്ക്കു ഭൂരിപക്ഷമുള്ള സമിതിയിൽ തങ്ങളുടെ ആശങ്ക അവഗണിക്കപ്പെടുമെന്ന വാദമുയർത്തി കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ സഖ്യത്തിലെ ഭൂരിപക്ഷം അംഗങ്ങളും ജെപിസി നടപടികൾ ബഹിഷ്കരിച്ചിരുന്നു.

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുൻപ്, കേവലം കസ്റ്റഡിയിലിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളെ ശിക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമാണെന്നാണു പ്രതിപക്ഷ വാദം. എന്നാൽ, ജാമ്യത്തിന് അപേക്ഷിക്കാൻ 30 ദിവസത്തെ സമയമുണ്ടെന്നതിനാൽ സ്വാഭാവിക നീതിയുടെ ലംഘനമാകുന്നില്ലെന്നു ബിജെപി പറയുന്നു.

അതേസമയം, നിയമം രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള പ്രത്യേക വ്യവസ്ഥകൾ ബില്ലിലുണ്ടാകണമെന്ന് ഇരുപക്ഷത്തും പൊതു അഭിപ്രായമുയർന്നിരുന്നു. ഏതൊക്കെ കുറ്റകൃത്യങ്ങളാണു നിയമത്തിന്‍റെ പരിധിയിൽ വരേണ്ടതെന്നു വ്യക്തത വരുത്താനും അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതിയാകുകയും, അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വരികയും ചെയ്താൽ മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടനാ (130-ാം ഭേദഗതി) ബിൽ, 2025. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ശുപാർശപ്രകാരം യഥാക്രമം രാഷ്‌ട്രപതിക്കോ ഗവർണർക്കോ ഇവരെ നീക്കം ചെയ്യാം. അതല്ലെങ്കിൽ കസ്റ്റഡിയിലായി 31-ാം ദിവസം മുതൽ പദവിയിൽ നിന്നുള്ള നീക്കം സ്വയമേ സംഭവിക്കും.

അഴിമതിക്കേസിൽ അറസ്റ്റിലായിട്ടും എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ മാസങ്ങളോളം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാകാത്തതാണ് ഇത്തരമൊരു നിയമത്തിനു കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. 2024 മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ അതേ വർഷം സെപ്റ്റംബർ 13ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാലു ദിവസത്തിനുശേഷം മാത്രമാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

അതേസമയം, ഭരണഘടനാ ഭേദഗതി പാസാക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നതാണു സർക്കാരിനു മുന്നിലുള്ള കടമ്പ. തൃണമൂൽ കോൺഗ്രസിലും ആം ആദ്മി പാർട്ടിയിലും ശിവസേന (യുബിടി)യിലുണ്ടായ പിളർപ്പുകൾ ലോക്സഭയിലും രാജ്യസഭയിലും സർക്കാരിന്‍റെ നിലയും ആത്മവിശ്വാസവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ലോക്സഭയിൽ നിലവിൽ 330 അംഗങ്ങളുടെ പിന്തുണയുണ്ട് സർക്കാരിന്. രാജ്യസഭയിൽ 151 അംഗങ്ങളാണ് സർക്കാർ പക്ഷത്തുള്ളത്.

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് ക്ഷണം

ശാശ്വത വെടിനിര്‍ത്തല്‍; പരോക്ഷ ചര്‍ച്ച നടത്തി യുഎസും ഇറാനും

കടകംപള്ളി-ചെന്നിത്തല കൂടിക്കാഴ്ച ഗുരുതരമായ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...