ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയ്ക്കും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനുമൊപ്പം ഹർഷ് മഹാജൻ. 
India

ഹിമാചലിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി

ബജറ്റ് പാസാക്കാൻ സാധിച്ചില്ലെങ്കിലും സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കണക്കാക്കും

VK SANJU

ഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്ങിലൂടെ അട്ടിമറി വിജയം നേടിയതിനു പിന്നാലെ ഹിമാചൽ പ്രദേശ് നിയമസഭയിൽ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ള ബിജെപി എംഎൽഎമാർ ബുധനാഴ്ച രാവിലെ ഗവർണർ ശിവ് പ്രതാപ് ശുക്ലയെ സന്ദർശിച്ചിരുന്നു. ഏക രാജ്യസഭാ സീറ്റിൽ പരാജയപ്പെട്ട കോൺഗ്രസിന് അധികാരത്തിലിരിക്കാൻ ധാർമികമായ അവകാശം നഷ്ടപ്പെട്ടെന്ന് ഠാക്കൂർ.

ചില കോൺഗ്രസ് എംഎൽഎമാർ എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയും ദേശീയ നേതാവുമായ മനു അഭിഷേക് സിങ്‌വി പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനും സിങ്‌വിക്കും ഒരേ വോട്ട് നില വന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ തീരുമാനിച്ചത്.

ബജറ്റ് സെഷൻ കഴിയും മുൻപു തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നീക്കം. ഇതിനിടെ, ബജറ്റ് പാസാക്കാൻ ശബ്ദ വോട്ടിനു പകരം രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യവും സ്പീക്കർക്കു മുന്നിൽ പാർട്ടി എംഎൽഎമാർ ഉന്നയിച്ചിട്ടുണ്ട്. ‌ബാലറ്റിലൂടെ ബജറ്റ് പാസാക്കാൻ സാധിച്ചില്ലെങ്കിലും സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കണക്കാക്കും.

68-അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ട്. ബിജെപിക്ക് 25 മാത്രം. എന്നിട്ടും രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഭരണകക്ഷിക്കു സാധിച്ചില്ല. ആറ് കോൺഗ്രസ് എംഎൽഎമാരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്രരും ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തെന്നാണ് കണക്കാക്കുന്നത്.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്