Rahul Gandhi
ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടു നിന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ വിമർശനവുമായി ബിജെപി. തിങ്കളാഴ്ച നടന്ന ഇന്ത്യയുടെ 53-മത് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്‍റെ സത്യ പ്രതിജ്ഞ ചടങ്ങിൽ നിന്നും രാഹുൽ വിട്ടു നിന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. മുൻപ് ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു പരിപാടിയിൽ നിന്നും രാഹുൽ വിട്ടു നിന്നിരുന്നു.
"പ്രതിപക്ഷ നേതാവിനെ കാണാനില്ല, രാജ്യത്തെ സുപ്രധാന പരിപാടികളിൽ നിന്നെല്ലാം അദ്ദേഹം അപ്രതീക്ഷിതനാണ്. പുതിയ ചീഫ് ജസ്റ്റിസ് അധികാരമേൽക്കുന്ന ചടങ്ങിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. അദ്ദേഹം എവിടെയെന്നോ, എന്താണ് പങ്കെടുക്കാത്തതെന്നോ ആർക്കും അറിയില്ല'' ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.
ഇത്രയും പ്രധാനപ്പെട്ട ഒരു ഭരണഘടനാ നിമിഷത്തിൽ, സർക്കാരിന്‍റെ മുഴുവൻ ഉന്നതരും പതിവുപോലെ സന്നിഹിതരായതായാണ് കണ്ടത്, എന്നാൽ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്ന കോൺഗ്രസ് പങ്കെടുത്തില്ല. കർണാടകയിലെ കോൺഗ്രസിന്‍റെ പ്രതിസന്ധിയെയും മാളവ്യ പരിഹസിച്ചു. സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്‍റെയും തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസിനാവുന്നില്ലെന്നും രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവാനാവുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.