ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നു. മിക്കവയിലും പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെ വൻ മുന്നേറ്റം. എഎപി കനത്ത തിരിച്ചടി നേരിടുമെന്നും പറയുന്നു. കോൺഗ്രസ് നാവാവശേഷമാകുന്ന പ്രവചനത്തിൽ എല്ലാ സർവേകളും ഒറ്റക്കെട്ടാണ്.
ആകെ 70 സീറ്റാണ് ഡൽഹി നിയമസഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് ആവശ്യം 36 സീറ്റ്. വിവിധ സർവേകളിൽ ബിജെപിക്ക് 35 മുതൽ 60 സീറ്റ് വരെ പ്രവചിക്കപ്പെടുന്നുണ്ട്. എഎപിക്ക് കുറഞ്ഞത് 10 സീറ്റും പരമാവധി 37 സീറ്റുമാണ് പ്രവചിക്കപ്പെടുന്നത്.
എന്നാൽ, ആറ് ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളിൽ ഒന്നിൽപ്പോലും കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ കൂടുതൽ പ്രവചിക്കുന്നില്ല. പൂജ്യം സീറ്റിനുള്ള സാധ്യത അഞ്ച് പോളുകളിലും കാണുന്നുമുണ്ട്.
പീപ്പിൾസ് പൾസ് - കോഡ്മയാണ് ബിജെപിക്ക് ഏറ്റവും വലിയ നേട്ടം പ്രവചിക്കുന്നത്- 51 മുതൽ 60 സീറ്റ് വരെ. ഏറ്റവും കുറവ് സീറ്റ് പ്രവചിക്കുന്ന മെട്രിസ് പോലും 35-40 സീറ്റ് കണക്കാക്കുന്നു. പീപ്പിൾസ് പൾസ് - കോഡ്മ തന്നെയാണ് എഎപിക്ക് ഏറ്റവും കുറവ് സീറ്റും പ്രവചിക്കുന്നത്- 10 മുതൽ 19 വരെ. മെട്രിസിന്‍റെ കണക്കിൽ എഎപി 32 - 37 സീറ്റ് നേടും.
ചാണക്യ സ്ട്രാറ്റജീസാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് പ്രവചിക്കുന്നത് - 2 മുതൽ 3 വരെ മാത്രം. മറ്റെല്ലാ ഏജൻസികളും പൂജ്യം മുതൽ ഒന്ന് അല്ലെങ്കിൽ രണ്ട് സീറ്റ് മാത്രമാണ് കോൺഗ്രസിനു കണക്കാക്കുന്നത്.