ബിഎൽഒയ്ക്ക് കളക്‌ടറുടെ നോട്ടീസ്
കോഴിക്കോട്: എസ്‌ഐആറിലെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ബിഎൽഒയ്ക്ക് നോട്ടീസ്. കോഴിക്കോട് സബ് കളക്റ്റർ അസ്ലാം പി.എം എന്ന ബിഎല്‍ഒയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്ന് നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും മുന്നറിയിപ്പുണ്ട്.
984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് വലിയ സമ്മര്‍ദമാണന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ജോലി സമ്മര്‍ദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് ബിഎല്‍ഒമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അസ്ലാമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.