ബോംബ് ഭീഷണി; ലണ്ടൻ-ഡൽഹി എയർ ഇന്ത്യ വിമാനം അടിയന്തരമായി റിയാദിലിറക്കി
representative image
റിയാദ്: ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. എയർ ഇന്ത്യ എഐസി 114 വിമാനമാണ് റിയാദിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് ലഭിച്ചത്. ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ശുചിമുറിയിൽ നിന്നും ലഭിച്ചതിനു പിന്നാലെ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതരായി ഒരു വശത്തേക്ക് മാറ്റി. ലഗേജുകളെടുക്കാൻ യാത്രക്കാരെ അനുവദിച്ചില്ല. തുടർന്ന് പരിശോധനയ്ക്ക് ശേഷം യാത്രക്കാരെ ടെർമിനലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇന്ത്യൻ സമയം 11 മണിക്കാണ് സംഭവം. പരിശോധന മൂന്നര മണിക്കൂർ നീണ്ടു. പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി, എത്രയും വേഗം വിമാനം യാത്രക്കാരുമായി പുറപ്പെടുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.