അജിത് ഡോവൽ, വാങ് യി (ഫയൽ ചിത്രം)
ബെയ്ജിങ്: ഇന്ത്യ-ചൈന ബന്ധത്തിലെ സാധാരണ നില സാധ്യമായത് അതിർത്തി മേഖലകളിൽ ഇരുപക്ഷവും സമാധാനവും ശാന്തതയും നിലനിർത്തിയതിന്‍റെ ഫലമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൊവ്വാഴ്ച ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ പ്രത്യേക പ്രതിനിധി തലത്തിലുള്ള നിർണായക ചർച്ചകൾ നടത്തുന്നതിനിടെയായിരുന്നു ഡോവലിന്‍റെ പ്രതികരണം.
''25-ാം റൗണ്ട് ചർച്ചകൾക്കായി ഇവിടെ എത്താനായതിൽ ഏറെ സന്തോഷമുണ്ട്. ഉടൻ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഈ ചർച്ചകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്''- ഡോവൽ പറഞ്ഞു.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഷിയുടെ പങ്കാളിത്തം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ.
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിൽ കഴിഞ്ഞ കാലയളവിൽ ഉണ്ടായ പുരോഗതിയും കിഴക്കൻ ലഡാക്കിലെ നാല് വർഷം നീണ്ട സൈനിക സംഘർഷാവസ്ഥയും പരാമർശിച്ച ഡോവൽ, കഴിഞ്ഞ ഒരു വർഷമായി ഉഭയകക്ഷി ബന്ധം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നൽകിയ "വ്യക്തവും അനുകൂലവുമായ" നിർദേശം നടപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം ഡോവലും വാങ് യിയും ഊന്നിപ്പറഞ്ഞു.
അതിർത്തി വിഷയങ്ങളിൽ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇരുപക്ഷവും സ്ഥിരമായി ആശയവിനിമയം തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ഷിയും നൽകിയ നിർദേശങ്ങൾ നടപ്പാക്കുകയാണെന്നും വാങ് യി പറഞ്ഞു. നാഥുലാ ചുരം വഴി കൈലാസ് മാനസസരോവർ യാത്ര വിജയകരമായി നടത്താനായതും മൂന്ന് അതിർത്തി ചുരങ്ങളിലൂടെയുള്ള പരമ്പരാഗത അതിർത്തി വ്യാപാരം പുനരാരംഭിച്ചതും ജനങ്ങൾക്ക് പ്രത്യേകിച്ച് അതിർത്തി മേഖലകളിൽ താമസിക്കുന്നവർക്ക് നേരിട്ടുള്ള നേട്ടങ്ങൾ നൽകി. ചൈന-ഇന്ത്യ ബന്ധം ഉഭയകക്ഷി പരിധി മറികടന്ന് ആഗോളവും തന്ത്രപ്രധാനവുമായ പ്രാധാന്യം കൈവരിച്ചിരിക്കുകയാണ്. ഡോവലുമായുള്ള ചർച്ചകൾ വളരെ ആഴത്തിലുള്ളതും സത്യസന്ധവുമായിരുന്നുവെന്ന് വിശേഷിപ്പിച്ച വാങ് യി പുതിയ ധാരണകളിലെത്താൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.