ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ എന്നിവർ കൈ കോർത്ത് നിൽക്കുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തിൽ പരമാവധി സംയമനം പാലിക്കണമെന്ന് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. രാജ്യാന്തര തർക്കങ്ങൾ സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും പ്രഖ്യാപനം വ്യക്തമാക്കി.
ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ സ്ഥിരമായ പരിഹാരത്തിനുള്ള പിന്തുണയും ബ്രിക്സ് ആവർത്തിച്ചു. പലസ്തീന് രാജ്യാന്തര സ്ഥാപനങ്ങളിൽ കൂടുതൽ ശക്തമായ പിന്തുണ നൽകണമെന്നും ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള ഇസ്രയേലിന്‍റെ നിയമപരമായ ഉത്തരവാദിത്തം പാലിക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെയും ബ്രിക്സ് സംയുക്ത പ്രഖ്യാപനം അപലപിച്ചു. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ചെറുക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം, ഭീകരവാദത്തിനുള്ള ധനസഹായം, ഭീകരർക്ക് സുരക്ഷിത താവളമൊരുക്കൽ എന്നിവയ്ക്കെതിരെ നടപടി വേണമെന്നും വ്യക്തമാക്കി.
ആഗോള വ്യാപാരം, വിതരണ ശൃംഖലകൾ, ഊർജപ്രവാഹം എന്നിവ സുഗമമാക്കാൻ രാജ്യങ്ങൾ പരസ്പരം സഹകരിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രഖ്യാപനം ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ തീരുവകളും തീരുവേതര വ്യാപാര നടപടികളും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ ബ്രിക്സ്, ഇത്തരം നടപടികൾ വ്യാപാരത്തെ വളച്ചൊടിക്കുന്നതായും ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുമായി പൊരുത്തപ്പെടാത്തതായും വ്യക്തമാക്കി. ആണവ സംഘർഷത്തിന്‍റെയും യുദ്ധത്തിന്‍റെയും വർധിച്ചുവരുന്ന അപകടസാധ്യതയിലും ആശങ്ക രേഖപ്പെടുത്തി.
‘ന്യൂഡൽഹി പ്രഖ്യാപനം 2026’ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഒരു അംഗരാജ്യവും എതിർപ്പ് ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിൽ സംസാരിച്ച ഷി ജിൻപിങ് പശ്ചിമേഷ്യയിലെ യുദ്ധം അന്താരാഷ്ട്ര സമൂഹത്തിന്‍റെ പൊതുതാൽപര്യങ്ങൾക്ക് അനുകൂലമല്ലെന്ന് പറഞ്ഞു. മേഖലയിലെ ജനങ്ങൾക്ക് യുദ്ധം ഗുരുതരമായ നഷ്ടങ്ങളുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പരിഷ്കരണം ഇനി വൈകിക്കാനാകില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. പരിഷ്കരണ ചർച്ചകൾക്ക് വ്യക്തമായ സമയപരിധിയും ഫലപ്രാപ്തിയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക ഭരണസംവിധാനത്തിലും ഇന്നത്തെ സാമ്പത്തിക യാഥാർഥ്യങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ വേണമെന്നും മോദി ആവശ്യപ്പെട്ടു.
2027ലെ ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കുമെന്ന് ഷി ജിൻപിങ് അറിയിച്ചു.