സിജെപി നേതാക്കളായ അഷുതോഷ് റങ്കയും സൗരവ് ദാസും
ന‍്യൂഡൽഹി: ദേശീയ അധ‍്യാപക ദിനത്തിൽ ഡൽഹിയിലെ എസ്ആർസിസി കോളെജിൽ ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി നേതാക്കൾ.
യുവതലമുറയെ ദിമാഗി നക്സൽ എന്ന് മുദ്രകുത്തുന്നതിനു പകരം തൊഴിലില്ലായ്മ, രാജ‍്യത്തെ 1 ലക്ഷം സ്കൂളുകൾ അടച്ചത്, വിദ‍്യാഭ‍്യാസത്തിന് ബജറ്റിൽ വകയിരുത്തിയത് എന്നിവയെ പറ്റി സംസാരിക്കാമായിരുന്നുവെന്ന് അഷുതോഷ് റങ്ക പറഞ്ഞു.
രാജ‍്യത്തെ പ്രമുഖ കോളെജിൽ ചോദ‍്യം ചോദിക്കുന്ന യുവതലമുറയെ ദിമാഗി നക്സലുകൾ എന്ന് മുദ്രകുത്താനുള്ള മോദിയുടെ തീരുമാനം ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നാണംകെട്ട പ്രവൃത്തിയാണെന്ന് സൗരവ് ദാസ് പറഞ്ഞു.
എക്സ് പോസ്റ്റിലൂടെയായിരുന്നു സൗരവ് ദാസ് രംഗത്തെത്തിയത്. കോളെജിൽ വിദ‍്യാർഥികളും അധ‍്യാപകരും നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന് പരിഹരിക്കാമായിരുന്നുവെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു. വിദ‍്യാർഥികൾ അനുഭവിക്കുന്ന സമ്മർദത്തെ പറ്റി മോദിക്ക് പറയാമായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ ലക്ഷ‍്യത്തോടെ ഒരു തലമുറയെ മോശക്കാരാക്കുകയാണ് പ്രധാനമന്ത്രിയെന്നും വിമർശനമുണ്ടായി.
രാജ‍്യത്തിന്‍റെ 80ാം സ്വാതന്ത്ര‍്യദിനത്തിലായിരുന്നു മോദി ആദ‍്യമായി ദിമാഗി നക്സൽ പരാമർശം നടത്തിയത്. നങ്ങളിലെ സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ സാധിച്ചെങ്കിലും തലച്ചോറിൽ നക്സലിസം അവശേഷിക്കുന്നവർ തുടരുകയാണെന്നും രാജ‍്യത്തെ അക്രമവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്ന ഇത്തരം വ‍്യക്തികളെ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.