തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി
ലഖ്നൗ: അഞ്ച് വയസുകാരനായ നേഴ്സറി വിദ്യാർഥിയെ ക്ലാസ്റൂമിൽവച്ച് തല്ലിച്ചതച്ച് സഹപാഠി. ലഖ്നൗവിലാണ് സംഭവമുണ്ടായത്. ക്ലാസിന്‍റെ ചുമതലയുള്ള ക്ലാസ് മോണിറ്ററാണ് ക്രൂരമായ ആക്രമണം നടത്തിയത്. എട്ട് മിനിറ്റോളം കുട്ടിയെ നിർത്താതെ മർദിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ മുഖം ചുമന്ന് തുടുത്തു. അധ്യാപികയില്ലാത്ത സമയത്താണ് മർദനം നടന്നത്. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു.
ക്ലാസിൽ നിന്നുള്ള പത്ത് മിനിറ്റ് സമയത്തെ വിഡിയോ ആണ് പുറത്തുവന്നത്. 18 വിദ്യാർഥികളാണ് ക്ലാസിലുണ്ടായിരുന്നത്. അധ്യാപിക പുറത്തേക്ക് പോകുന്നതിനു മുൻപ് കുട്ടികളോട് ബെഞ്ചിൽ തലവച്ച് കിടക്കാൻ ആവശ്യപ്പെട്ടു. ഇത് നോക്കാൻ ക്ലാസ് മോണിറ്ററോടും പറഞ്ഞു. ടീച്ചർ പോയതിനു പിന്നാലെ കുട്ടികളിൽ ഒരാൾ തലപൊക്കിയെങ്കിലും ക്ലാസ് മോണിറ്റർ തലയിൽ അടിക്കുകയായിരുന്നു. തലപൊക്കാൻ ശ്രമിച്ച മറ്റ് കുട്ടികളേയും ക്ലാസ് മോണിറ്ററായ പെൺകുട്ടി മർദിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് ഒരു കുട്ടി കുറച്ച് സെക്കൻഡുകൾ തല പൊക്കി പിടിച്ചത്. ഇത് കണ്ടതോടെ കുട്ടി ഇരുന്ന ഡെസ്കിലേക്ക് എത്തി നാല് തവണ അടിക്കുകയായിരുന്നു. വീണ്ടും തല പൊക്കിയപ്പോൾ ബലമായി തല താഴ്ത്തിവയ്ക്കാൻ ശ്രമിച്ചു. ഇതോടെ കുട്ടി കരയാൻ തുടങ്ങി. എന്നിട്ടും പെൺകുട്ടി ബലം പ്രയോഗിച്ച് തല താഴ്ത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ കുട്ടി എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഇതോടെ പിന്നാലെ എത്തിയ പെൺകുട്ടി തടഞ്ഞു നിർത്തി വലിച്ചിഴച്ചുകൊണ്ടുവന്ന് സീറ്റിലിരുത്തുകയായിരുന്നു. തുടർന്ന് വാതിൽ കുറ്റിയിടുകയും ചെയ്തു. ആൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ മറ്റ് കുട്ടികൾ തല ബെഞ്ചിൽ വച്ചിരിക്കുന്നതാണ് കാണുന്നത്. പത്ത് മിനിറ്റ് കഴിഞ്ഞ് ടീച്ചർ വാതിൽ മുട്ടിയപ്പോൾ മോണിറ്റർ പോയി വാതിൽ തുറന്നു. പിന്നാലെ കുട്ടി ടീച്ചറോട് പരാതി പറയുന്നതും വിഡിയോയിൽ കാണാം. തിരിച്ചുവീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മുഖം ചുമന്ന് വീങ്ങി ഇരിക്കുന്നത് കണ്ട മാതാപിതാക്കൾ സ്കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.