സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
freepik.com
ലക്നൗ: ആരോഗ്യ വകുപ്പിന് അടച്ച് പൂട്ടിയ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിലാണ് സംഭവം നനന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമത്തിൽനിന്നുള്ള അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണു മരിച്ചത്.
കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് അടപ്പിച്ച ആശുപത്രിയിൽ പിൻവാതിൽ വഴിയാണ് ഇവർ യുവതിയെ പ്രവേശിപ്പിച്ചത്. ആശാവർക്കറുടെ നിർദേശപ്രകാരമാണ് സരിതയെ ഈ ആശുപത്രിയിലെത്തിച്ചതെന്ന് ഭർത്താവ് പറയുന്നു. സംഭവത്തിൽ അജിത് ചീഫ് മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നു. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് സരിത മരിച്ചത്.
രക്തസ്രാവമുണ്ടായതോടെ തുടർ ചികിത്സ നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതായും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നും അജിത് പരാതിയിൽ വ്യക്തമാക്കുന്നു. അജിതിന്‍റെ പരാതി ലഭിച്ചതോടെ ആശുപത്രി വീണ്ടും സീൽ ചെയ്തതായി അധികൃതർ വ്യക്തമാക്കി.