കശ്മീരിൽ മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും; നിരവധി വീടുകള്‍ക്ക് കേടുപാട്, കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി

 
India

കശ്മീരിൽ മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും; നിരവധി വീടുകള്‍ക്ക് കേടുപാട്, കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി

പ്രദേശവാസികള്‍ വീടുകള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി

Namitha Mohanan

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള തുലൈല്‍ താഴ്‌വരയിലെ ടാര്‍ട്ടെയ് കിലോ ഗ്രാമത്തില്‍ ബുധനാഴ്ച മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഡസന്‍ കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രദേശവാസികള്‍ വീടുകള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം കനത്ത മഴയെത്തുടര്‍ന്നു ജലനിരപ്പ് വര്‍ധിച്ചതും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതും കാരണം ജാംലാന്‍ പാലത്തിന് സമീപമുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പ്രാദേശിക ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഈ മാസം നാലിന് റിയാസി ജില്ലയിലെ ബതോയ് പ്രദേശത്ത് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ജമ്മു മേഖലയില്‍ സമീപ ദിവസങ്ങളില്‍ ഉണ്ടാകുന്ന അഞ്ചാമത്തെ മേഘവിസ്‌ഫോടനമാണിത്. നേരത്തെ ദോഡ, കിഷ്ത്വാര്‍, പൂഞ്ച് ജില്ലകളില്‍ നാല് മേഘവിസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് വെള്ളപ്പൊക്കത്തിനും ഗതാഗത തടസത്തിനും കാരണമായി തീര്‍ന്നിരുന്നു. എന്നാല്‍ ജീവഹാനിയോ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടാക്കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബെംഗളൂരുവിലെ ഷോ റദ്ദാക്കി കുനാൽ കമ്ര

ഡോളറിനെതിരേ രൂപയ്ക്ക് ശക്തമായ മുന്നേറ്റം; 31 പൈസ ഉയർന്ന് 95.12ൽ എത്തി

വീടിന്‍റെ മേൽക്കൂര തകർന്നു വീണ് യുവദമ്പതികൾ മരിച്ചു; കുട്ടി രക്ഷപ്പെട്ടു