കേന്ദ്രത്തിനെതിരേ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്; പാർലമെന്‍ററി പാർട്ടി യോഗം ചൊവ്വാഴ്ച
ന‍്യൂഡൽഹി: സോണിയ ഗാന്ധിയുടെ അധ‍്യക്ഷതയിൽ ചൊവ്വഴ്ച കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേരും. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലായിരിക്കും യോഗം ചേരുന്നത്. കേന്ദ്രത്തിനെതിരേ നിലപാട് ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം, സമ്പദ്‌വ‍്യവസ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത‍്യക്കെതിരേ യുഎസ് തീരുവ ചുമത്തൽ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങൾ പാർലമെന്‍റിൽ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്തേക്കും. അതേസമയം ശശി തരൂരിന് യോഗത്തിലേക്ക് ക്ഷണമുണ്ടെങ്കിലും വിദേശത്തായതിനാൽ പങ്കെടുക്കില്ലെന്നാണ് വിവരം.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഉപ നേതാക്കൾ, പാർട്ടി ചീഫ് വിപ്പുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അതേസമയം ജൂലൈ 21ന് പാർലമെന്‍റിൽ വർഷകാല സമ്മേളനം ആരംഭിക്കും. ഓഗസ്റ്റ് 21 വരെയായിരിക്കും വർഷകാല സമ്മേളനം.